Sub Lead

ഗുജറാത്തിലെ മുസ്‌ലിം യുവാവിന്റെ കസ്റ്റഡി മരണം: പോലിസ് മര്‍ദ്ദനമെന്ന് കുടുംബം

ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് ജംഇയ്യത്ത് ഉലമ ഏ ഹിന്ദ് (മഹമൂദ് മദനി വിഭാഗം) ആവശ്യപ്പെട്ടു.

ഗുജറാത്തിലെ മുസ്‌ലിം യുവാവിന്റെ കസ്റ്റഡി മരണം: പോലിസ് മര്‍ദ്ദനമെന്ന് കുടുംബം
X

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ പശുമാംസം കടത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാവ് സ്‌റ്റേഷനില്‍ മരിക്കാനിടയായ സംഭവത്തില്‍ പോലിസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. യുവാവ് ആത്മഹത്യ ചെയ്തതാണെന്ന പോലിസിന്റെ വാദം തള്ളിയ കുടുംബം, ക്രൂരമായ കസ്റ്റഡി പീഡനങ്ങളാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചു. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് ജംഇയ്യത്ത് ഉലമ ഏ ഹിന്ദ് (മഹമൂദ് മദനി വിഭാഗം) ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പശുമാംസം കടത്തിയെന്നാരോപിച്ച് ഗോധ്ര ബി ഡിവിഷന്‍ പോലിസ് 32കാരനായ ഖാസിം അബ്ദുല്ല ഹയാത്തിനെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് പോലിസ് കസ്റ്റഡിയിലിരിക്കെ സ്‌റ്റേഷനില്‍വച്ച് ഖാസിം മരണപ്പെടുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ നിരത്തി ഖാസിം ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ അവകാശവാദം. ഖാസിമിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ ഗുജറാത്ത് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഗോധ്ര പോലിസ് സൂപ്രണ്ട് ലീന പാട്ടീലിനെ സന്ദര്‍ശിച്ചത്. മരിച്ച ഖാസിമിന്റെ സഹോദരനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. തെറ്റുചെയ്ത പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പ്രതിനിധി സംഘം എസ്പിയോട് ആവശ്യപ്പെട്ടു. ഖാസിം ആത്മഹത്യ ചെയ്തുവെന്ന് സ്ഥാപിക്കാന്‍ എസ്പി സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതായി പ്രതിനിധി സംഘത്തിനെ അംഗവും ഗുജറാത്ത് ജംഇയ്യത്ത് ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രഫ. നിസാര്‍ അഹമ്മദ് അന്‍സാരി ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത് അയാള്‍ ആത്മഹത്യയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാണ്. എന്നാല്‍, അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ അപ്പോള്‍ എവിടെയായിരുന്നു? ആ സമയത്ത് അവര്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്? സ്വന്തം ജീവനെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹത്തിന് മേല്‍ പീഡനമോ വലിയ കുഴപ്പമോ ഉണ്ടായിരിക്കണം. പോലിസിന്റെ പീഡനമോ മറ്റേതെങ്കിലും പെരുമാറ്റമോ ആയിരിക്കണം അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും അന്‍സാരി പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് എല്ലാം വ്യക്തമാണെന്ന് എസ്പി സംഘത്തോട് പറഞ്ഞു.

അതിനാല്‍, കേസിന്റെ ആവശ്യമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് എസ്പി അറിയിച്ചതായും അന്‍സാരി പറഞ്ഞു. മരണത്തെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും പോലിസുകാരനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവരെ സ്ഥലംമാറ്റുമെന്നും എസ്പി പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. കസ്റ്റഡിയില്‍ പോലിസ് മര്‍ദ്ദിച്ചെന്നും താന്‍ ബീഫ് കൊണ്ടുപോയെവന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഖാസിം തന്നോട് പറഞ്ഞതായി മരിച്ചയാളുടെ കുടുംബാംഗം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഞാന്‍ സപ്തംബര്‍ 14ന് പോലിസ് സ്‌റ്റേഷനില്‍ വച്ച് ഖാസിമിനെ കണ്ടു. തന്നെ സഹായിക്കണമെന്ന് സഹോദരനോട് പറയണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു.

അടുത്തദിവസം രാവിലെ 7.30 ഓടെ ഞാന്‍ അവന് ഭക്ഷണവുമായി ചെന്നപ്പോള്‍ പോലിസ് അകത്തേക്ക് കടത്തിവിട്ടില്ല. അവന്‍ മരിച്ചെന്ന് അവര്‍ തന്നോട് പറഞ്ഞില്ല. തലേന്ന് രാത്രി അയാള്‍ പീഡിപ്പിക്കപ്പെട്ടതായി പോലിസ് സ്‌റ്റേഷനില്‍നിന്നുള്ള ഒരാള്‍ ഞങ്ങളോട് പറഞ്ഞതായും കുടുംബാംഗം വെളിപ്പെടുത്തി. ജംഇയ്യത്ത് ഉലമ ദേശീയ പ്രസിഡന്റ് മൗലാന മഹ്മൂദ് മദനിയും ഗോധ്രയിലെ ഖാസിമിന്റെ കസ്റ്റഡി മരണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലിസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പോലിസ് സ്‌റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പ്രസ്താവന ഉദ്ധരിച്ച അദ്ദേഹം, പോലിസ് അതിക്രമം തടയുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റകൃത്യം തെളിയിക്കപ്പെടുന്നില്ലെങ്കില്‍ പോലിസ് കസ്റ്റഡിയിലുള്ളവര്‍ വെറും പ്രതികളാണ്. അറസ്റ്റിലായവരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അതിനാല്‍, പോലിസ് അതിക്രമങ്ങള്‍ അപലപനീയമാണ്. അത് ഉടനടി നിര്‍ത്തണം. ന്യൂനപക്ഷങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരായ പോലിസ് അതിക്രമങ്ങളുണ്ടാവുന്നത് കൂടുതല്‍ ആശങ്കാജനകമാണ്- മദനി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it