Sub Lead

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം; കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞു

മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി കോളജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വായ് മൂടിക്കെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം;  കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞു
X

കോഴിക്കോട്: ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രി സഞ്ജയ് ശാംറാവു ധോത്രയെ തടഞ്ഞു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ എഡ്യുക്കേഷന്‍ ഡിപാര്‍മെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയായിരുന്നു മാനവ വിഭവശേഷി വകുപ്പ്മന്ത്രിയായ സഞ്ജയ് ശാംറാവു ധോത്ര. ഒരുമണിയോടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി കോളജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വായ് മൂടിക്കെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മന്ത്രി ഹാളില്‍ പ്രവേശിച്ച ഉടന്‍ തന്നെ എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിക്കുകയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വേദിയിലേക്ക് കയറുന്നത് തടഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ഇതോടെ പോലിസ് എത്തി വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷം ശക്തമായതോടെ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജെഎന്‍യുവിലെ ഫീസ് വര്‍ദ്ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ്, തുടങ്ങിയ നയങ്ങള്‍ യൂനിവേഴ്‌സിറ്റിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.

യൂനിവേഴ്‌സിറ്റി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറിയുടെ വാടക 20 രൂപയില്‍ നിന്നും 600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ഒക്ടോബര്‍ നാലിന് സര്‍വകലാശാല പുറത്തിറക്കിയ ഹോസ്റ്റല്‍ മാനുവലില്‍ മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കി വര്‍ധിപ്പിച്ചു. ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണമെന്നും മാനുവലില്‍ പറയുന്നു.

Next Story

RELATED STORIES

Share it