Sub Lead

സിഎഎ വിരുദ്ധ സമരം: തെളിവുകള്‍ ഹാജരാക്കാനായില്ല, യുപിയില്‍ 19 പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഇവര്‍ക്കെതിരേ മതിയായ തെളിവ് ഹാജരാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്

സിഎഎ വിരുദ്ധ സമരം: തെളിവുകള്‍ ഹാജരാക്കാനായില്ല, യുപിയില്‍ 19 പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
X

ലഖ്‌നൗ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) നടന്ന പ്രതിഷേധങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത 25 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ 19 പേര്‍ക്ക് ജാമ്യം. ഇവര്‍ക്കെതിരേ മതിയായ തെളിവ് ഹാജരാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സിഎഎയ്‌ക്കെതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയിലുള്ള പോപുലര്‍ ഫ്രണ്ടിനെ സംസ്ഥാനത്ത് നിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ കോപ്പൂകൂട്ടുന്നതിനിടെയാണ് പോലിസിന് തെളിവ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ 19 പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്.

സംസ്ഥാനത്തുണ്ടായ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനെന്ന്് പോലിസ് ആരോപിച്ച പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വസീം അഹമ്മദും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും. വ്യക്തമായ തെളിവില്ലാതെ കേവല ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വസീം അഹമ്മദ് ആരോപിച്ചു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതോടെ കള്ളക്കേസ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത 25 പ്രവര്‍ത്തകരില്‍ 19 പേര്‍ക്ക് ജാമ്യം ലഭിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രകോപനപരമായ ലഘുലേഖകള്‍ പോസ്റ്ററുകള്‍, സിഡികള്‍, ബാനറുകള്‍ എന്നിവ കൈവശം വച്ചുവെന്ന് ആരോപിച്ച് ഡിസംബര്‍ 23നാണ് വസീം അഹ്മദ്, ട്രഷറര്‍ നദീം അലി, ഡിവിഷന്‍ പ്രസിഡന്റ് അഷ്ഫാക്ക് എന്നിവരെ ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്തത്. നദീം അലിയുടെയും അഷ്ഫാക്കിന്റെയും ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും.

പിഎഫ്‌ഐ നേതാവായ മുഹമ്മദ് ഷദാബ് ഉള്‍പ്പെടെ ഷംലി പോലിസ് അറസ്റ്റ് ചെയ്തവരില്‍ 18 പേരെയാണ് ചൊവ്വാഴ്ച ജാമ്യത്തില്‍ വിട്ടത്. കൈരാന ഈദ്ഗാഹില്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ അക്രമത്തിന് പ്രേരിപ്പിച്ചതായും അയല്‍ ജില്ലകളായ മുസാഫര്‍നഗര്‍, മീററ്റ് എന്നിവിടങ്ങളില്‍ മുഹമ്മദ് ഷദാബ് ഇന്ത്യാ വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരുന്നതായും ഷദാബിന്റെ അറസ്റ്റിനു പിന്നാലെ പോലീസ് സൂപ്രണ്ട് (ഷംലി) വിനീത് ജയ്‌സ്വാള്‍ ആരോപിച്ചിരുന്നു.

അതേസമയം, വസീം അഹ്മദിനെതിരേ പോലിസിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും തങ്ങളിപ്പോഴും അദ്ദേഹത്തിനെതിരേ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ലഖ്‌നൗയിലെ ഹസ്രത്ഗഞ്ച് എസ്എച്ച്ഒ ധീരേന്ദ്ര ഖുശ്‌വാഹ പറഞ്ഞു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഷംലിയില്‍നിന്നു അറസ്റ്റിലായ 18 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് ജാമ്യം ലഭിച്ചതായി ഷംലി എസ്പി വിനീത് ജെയ്‌സ്വാള്‍ പറഞ്ഞു. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് ഷംലിയില്‍നിന്നാണെങ്കിലും അവിടെ കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it