Sub Lead

പൗരത്വ നിയമ ന്യായീകരണം: ബിജെപി ലഘുലേഖ നേതാക്കള്‍ക്കുമുന്നില്‍ കീറിയെറിഞ്ഞ് വിദ്യാര്‍ഥികള്‍(വീഡിയോ)

പ്രതിഷേധിച്ച വിദ്യാര്‍ഥിയെയും മറ്റൊരു വ്യാപാരിയെയും ഐഎസുകാരെന്നും തീവ്രവാദിയെന്നും അധിക്ഷേപിച്ച് ബിജെപി നേതാവ് ബേബി സുനാഗര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി

പൗരത്വ നിയമ ന്യായീകരണം: ബിജെപി ലഘുലേഖ നേതാക്കള്‍ക്കുമുന്നില്‍ കീറിയെറിഞ്ഞ് വിദ്യാര്‍ഥികള്‍(വീഡിയോ)
X



കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ബിജെപി ലഘുലേഖ നേതാക്കളുടെ കണ്‍മുന്നില്‍ കീറിയെറിഞ്ഞ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കണ്ണൂര്‍ ജില്ലയിലെ മയ്യിലിലാണ് ഏതാനും വിദ്യാര്‍ഥികള്‍ നേര്‍ക്കുനേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപി മുന്‍ സംസ്ഥാന സമിതിയംഗം ബേബി സുനാഗര്‍ നാരായണന്‍, മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജന്‍ കടൂര്‍ തുടങ്ങിയവരാണ് മയ്യില്‍ ടൗണിലെ കടകളിലും മറ്റും ലഘുലേഖ വിതരണം ചെയ്തത്. എന്നാല്‍, ഒരു കൂട്ടം വിദ്യാര്‍ഥികളുടെ കൈയില്‍ ലഘുലേഖ കൊടുത്തതോടെ കുട്ടികള്‍ അത് വാങ്ങി കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. അപ്രതീക്ഷിത പ്രതിഷേധം നേരിടേണ്ടി വന്ന ബിജെപി നേതാക്കള്‍ വിദ്യാര്‍ഥികളോട് കയര്‍ത്തു സംസാരിക്കുകയും കുട്ടിയായതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ലഘുലേഖ തന്നാല്‍ ഞങ്ങള്‍ കീറിയെറിയുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം മറുപടി നല്‍കുകയും ചെയ്തു.


ഇതോടെ, അസഹിഷ്ണുതയുടെ ഒന്നാംതരം ഉദാഹരണമാണിതെന്ന് ബിജെപി നേതാവ് പറഞ്ഞതോടെ, ബിജെപിക്കാരനും ആര്‍എസ്എസുകാരനും തങ്ങളെ സഹിഷ്ണുത പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് വിദ്യാര്‍ഥികളും തിരിച്ചടിച്ചു. ഇത്തരം ലഘുലേഖകള്‍ ഇവിടെ വേണ്ടെന്നും ബിജെപിക്കാര്‍ ഒരു ചുക്കും ചെയ്യില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എസ്എഫ് ഐ പ്രവര്‍ത്തകന്‍ മിഥുന്‍ കണ്ടക്കൈയാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്. അതേസമയം, ഇത്തരത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിയെയും മറ്റൊരു വ്യാപാരിയെയും ഐഎസുകാരെന്നും തീവ്രവാദിയെന്നും അധിക്ഷേപിച്ച് ബിജെപി നേതാവ് ബേബി സുനാഗര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. നേരത്തേ, മയ്യില്‍ ടൗണിലെ ഒരു കടയില്‍നിന്നും സിഎഎ ന്യായീകരണ ലഘുലേഖയുമായി കടയില്‍ കയറേണ്ടെന്ന് പറഞ്ഞ് ബിജെപി നേതാക്കളെ തിരിച്ചയച്ചിരുന്നു. ഇവരെയെല്ലാം ഉദ്ദേശിച്ച് ഒരു തീവ്രവാദി മയ്യിലില്‍ കട നടത്തുന്നുണ്ടെന്നും ഒരുത്തന്‍ മാത്രമാണ് ഐസിസ് സ്വഭാവം കാണിച്ചതെന്നുമാണ് ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെ ന്യായീകരിക്കുന്നവരെ ഐഎസുകാരും തീവ്രവാദികളുമാക്കി ചിത്രീകരിച്ച ബിജെപി നേതാവിന്റെ നടപടിക്കെതിരേ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it