Sub Lead

ബൈജൂസിനെതിരേ ഇഡി അന്വേഷണം; ബെംഗളൂരുവിലെ വീട്ടിലും ഓഫിസുകളിലും റെയ്ഡ്

ബൈജൂസിനെതിരേ ഇഡി അന്വേഷണം; ബെംഗളൂരുവിലെ വീട്ടിലും ഓഫിസുകളിലും റെയ്ഡ്
X

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച പ്രമുഖ എജ്യുടെക് പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫിസുകളിലും റെയ്ഡ് നടത്തിയ ഇഡി സംഘം വിവിധ രേഖകള്‍ കണ്ടെടുത്തതായി പറഞ്ഞു. വിദേശ ധന വിനിമയ നിയമം(ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് റെയ്ഡ്. ബെംഗളൂരു ഭവാനി നഗറിലുള്ള ഓഫിസ് കെട്ടിടത്തിലാണ് റെയ്ഡ്. സ്വകാര്യ വ്യക്തികള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ 'തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡി'നുമെതിരെ ഇഡി കേസെടുത്തത്. അന്വേഷണ ഭാഗമായി നിരവധി തവണ ബൈജു രവീന്ദ്രന് സമന്‍സ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ലെന്നും ഇഡി ആരോപിച്ചു. 2011 മുതല്‍ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത് 28,000 കോടി രൂപയാണ്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതൊരു പതിവ് പരിശോധന മാത്രമാണെന്നാണ് ബൈജൂസ് അധികൃതര്‍ പറയുന്നത്. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമര്‍പ്പിച്ചെന്നും ബൈജൂസ് ലീഗല്‍ ടീം പറഞ്ഞു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്റെ ഓണ്‍ ലാന്‍ വിദ്യാഭ്യാസ ആപ്പായ ബൈജൂസ്, കൊവിഡ് ലോക്ക് ഡൗണ്‍ സമയത്താണ് വന്‍ വളര്‍ച്ച നേടിയത്. ലോകത്തെ തന്നെ മുന്‍നിര കമ്പനികളിലൊന്നായി മാറിയ ബൈജൂസ്, കേരളത്തിലെ ഓഫിസുകളില്‍ നിന്ന് ഏതാനും ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.





Next Story

RELATED STORIES

Share it