Sub Lead

മുസ് ലിം സ്ത്രീകളെ അപമാനിക്കുന്ന ആപ്പ്: മുഖ്യപ്രതിയായ യുവതി കസ്റ്റഡിയില്‍; അറസ്റ്റിലായ വിശാല്‍ കുമാറുമായി ബന്ധമെന്ന് പോലിസ്

മുസ് ലിം സ്ത്രീകളെ അപമാനിക്കുന്ന ആപ്പ്: മുഖ്യപ്രതിയായ യുവതി കസ്റ്റഡിയില്‍; അറസ്റ്റിലായ വിശാല്‍ കുമാറുമായി ബന്ധമെന്ന് പോലിസ്
X

മുംബൈ: 'ബുള്ളി ബായ്' ആപ്പ് വഴി മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ മുഖ്യപ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തെന്ന് മുംബൈ പൊലീസ്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ 21 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജനുവരി 10 വരെ മുംബൈ പോലിസിന്റെ കസ്റ്റഡിയില്‍ വിട്ടു. മുംബൈ സൈബര്‍ പോലിസ് തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്നാണ് വിദ്യാര്‍ത്ഥി വിശാല്‍ കുമാറിനെ പിടികൂടി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ എത്തിച്ച ശേഷം ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

കുമാറിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും ബംഗളൂരുവിലെ ഇയാളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കോടതിയുടെ അനുമതിയും പൊലിസ് തേടിയിരുന്നു.

പോലിസിന്റെ മൊഴി കേട്ട ശേഷം കുമാറിനെ ജനുവരി 10 വരെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ഇയാളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ പോലിസിന് അനുമതി നല്‍കുകയും ചെയ്തു.

ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്യുന്ന ആപ്പില്‍ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ലേലത്തിന് അപ്‌ലോഡ് ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് സൈബര്‍ സെല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

കഴിഞ്ഞ ദിവസം, കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും ഉത്തരാഖണ്ഡില്‍ നിന്ന് മുംബൈ പോലിസ് സംഘം കസ്റ്റഡിയിലെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയും കുമാറും പരസ്പരം അറിയാമെന്നാണ് പോലിസ് പറയുന്നത്.

മുംബൈ സൈബര്‍ സെല്‍ വിഭാഗം യുവതിയെ ചോദ്യം ചെയ്തുവരികയാണ്. യുവതി മൂന്നു അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നടത്തിയത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖല്‍സാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബര്‍ 31ന് മറ്റു അക്കൗണ്ടുകളും ഇയാള്‍ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖല്‍സ പേരുകളിലേക്ക് മാറ്റി. 'ബുള്ളിബായ്' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും ആപ്പിന്റെ പ്രചാരണം നടത്തിയിരുന്നു. ഖാലിസ്ഥാനി ചിത്രമാണുണ്ടായിരുന്നത്.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ആക്ടിവിസ്റ്റുകളും പ്രഫഷനലുകളും ഉള്‍പ്പെടേയുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരില്‍ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ആപ്പില്‍ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീല്‍സി'നു ശേഷമാണ് സമാനമായ കാംപയിന്‍ തുടങ്ങിയത്. സുള്ളി ഡീല്‍സ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.

ദ വയര്‍, ദ ഹിന്ദു, ന്യൂസ്ലോണ്‍ഡ്രി അടക്കമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്‌ലിം വിദ്വേഷ ക്യാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നു.

സംഭവം വിവാദമായതോടെ ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് ഡല്‍ഹി പോലിസ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് മുംബൈ പൊലീസ് ഒരാളെ പിടികൂടിയത്.

Next Story

RELATED STORIES

Share it