Sub Lead

ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം;   ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
X

തിരുവനന്തപുരം: സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെ ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തിലേക്ക് പോവുമ്പോഴായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം. ഗവര്‍ണറുടെ കാറില്‍ ഇടിച്ചും മറ്റും നടത്തിയ പ്രതിഷേധത്തില്‍ ഏഴു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തേ പ്രതിഷേധവുമായി ബന്ധപ്പെട്ട് 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴുപേര്‍ക്കെതിരേ രണ്ടു കേസുകളും ബാക്കിയുള്ളവര്‍ക്കെതിരേ ഓരോ കേസുകളുമാണ് ചുമത്തിയത്. കണ്ടോണ്‍മെന്റ്, പേട്ട, വഞ്ചിയൂര്‍ സ്‌റ്റേഷനുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നിടങ്ങളിലായാണ് പ്രതിഷേധം നടത്തിയത്. ഗവര്‍ണറുടെ സുരക്ഷാ വീഴ്ചയില്‍ തിരുവനന്തപുരം സിറ്റി പോലിസ് കമീഷണറോട് ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും റിപോര്‍ട്ട് തേടിയിട്ടുണ്ട്.

അതിനിടെ, ഗവര്‍ണറെ പിന്തുണച്ചും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമര്‍ശിച്ചും കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. ഗവര്‍ണറെ വിരട്ടിയോടിക്കാനോ ശാരീരികമായി ആക്രമിക്കാനോ മുതിരുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി ഗവര്‍ണറെ ആക്രമിക്കാന്‍ സര്‍ക്കാര്‍ ഗുണ്ടകളെ ഇറക്കിവിട്ടു. പോലിസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത് സര്‍ക്കാരാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍. അദ്ദേഹത്തിന്റെ നിര്‍ഭയത്വം കഴിഞ്ഞ കാലങ്ങളിലെ പൊതുജീവിതത്തില്‍ നിന്ന് വ്യക്തമാണ്. വിയോജിക്കുന്നവരെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. ഗവര്‍ണറുടെ കാര്യത്തില്‍ അത് നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it