Sub Lead

ബലാല്‍സംഗ പരാതി: ബിജെപി നേതാവ് ചിന്‍മയാനന്ദിനെ ഏഴുമണിക്കൂര്‍ ചോദ്യംചെയ്തു

നിരവധി ആശ്രമങ്ങളും സ്ഥാപനങ്ങളും നടത്തുകയും വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്ന 73കാരനായ സ്വാമി ചിന്‍മയാനന്ദിനെതിരേ പോലിസ് ഇതുവരെ ബലാല്‍സംഗത്തിനു കേസെടുത്തിട്ടില്ല

ബലാല്‍സംഗ പരാതി: ബിജെപി നേതാവ് ചിന്‍മയാനന്ദിനെ ഏഴുമണിക്കൂര്‍ ചോദ്യംചെയ്തു
X

ഷാജഹാന്‍പൂര്‍(യുപി): ഒരുവര്‍ഷത്തോളം ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്ന നിയമബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെ പോലിസ് ഏഴു മണിക്കൂറോളം ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സുപ്രിംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ മാരത്തണ്‍ ചോദ്യംചെയ്യലെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നിരവധി ആശ്രമങ്ങളും സ്ഥാപനങ്ങളും നടത്തുകയും വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്ന 73കാരനായ സ്വാമി ചിന്‍മയാനന്ദിനെതിരേ പോലിസ് ഇതുവരെ ബലാല്‍സംഗത്തിനു കേസെടുത്തിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് 6.30നു തുടങ്ങിയ ചോദ്യംചെയ്യല്‍ അര്‍ധരാത്രി ഒന്നുവരെ നീണ്ടതായാണു റിപോര്‍ട്ട്. അന്വേഷണ സംഘവുമായി പൂര്‍ണമായും സഹകരിച്ചെന്നും ആവശ്യമെങ്കില്‍ ഇനിയും ഹാജരാവുമെന്നും ചിന്‍മയാനന്ദിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തന്റെ ഒരു കോളജില്‍ പ്രവേശനം നല്‍കിയശേഷം ഹോസ്റ്റലില്‍ വച്ച് കുളിക്കുന്ന വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ചിന്‍മയാനന്ദ് നിരന്തരം ബലാല്‍സംഗം ചെയ്‌തെന്നാണു യുവതി പരാതി നല്‍കിയിരുന്നത്. തന്നെ മസാജ് ചെയ്യാന്‍ പലപ്പോഴും നിര്‍ബന്ധിച്ചെന്നും സഹായികള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തിയെന്നും യുവതി ആരോപിക്കുന്നു. തന്റെ കണ്ണടയില്‍ കാമറ ഘടിപ്പിച്ച് റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും യുവതി അവകാശപ്പെട്ടിരുന്നു. നേരത്തേ എസ് ഐടി യുവതിയെ 15 മണിക്കൂര്‍ ചോദ്യംചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘം നിഷേധിച്ചു. ചിന്‍മയാനന്ദിനെതിരേ അന്വേഷണം നടത്തുന്നില്ലെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസം മുമ്പ് നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നം പറഞ്ഞ് എത്തിയില്ലെന്നും അടുത്ത ദിവസം തന്നെ ചോദ്യംചെയ്യുമെന്നും എസ് ഐടി വൃത്തങ്ങള്‍ അറിയിച്ചു.



Next Story

RELATED STORIES

Share it