Sub Lead

'മഹാവികാസ് അഘാഡി സഖ്യം ന്യൂനപക്ഷമായി'; തങ്ങള്‍ക്കൊപ്പം 134 പേരുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി

മഹാവികാസ് അഘാഡി സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ഒളിവില്‍ പോയ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എംഎല്‍എമാരുണ്ടെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

മഹാവികാസ് അഘാഡി സഖ്യം ന്യൂനപക്ഷമായി; തങ്ങള്‍ക്കൊപ്പം 134 പേരുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി
X

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ശക്തമാവുന്നതിനിടെ നിയമസഭയില്‍ തങ്ങള്‍ക്കൊപ്പം 134 പേരുണ്ടെന്ന അവകാശവാദവുമായി ബിജെപി. മഹാവികാസ് അഘാഡി സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ഒളിവില്‍ പോയ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എംഎല്‍എമാരുണ്ടെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

തിങ്കളാഴ്ച നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, ബിജെപി 134 വോട്ടുകള്‍ നേടിയിരുന്നു. അതിനര്‍ത്ഥം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ശുപാര്‍ശ ബിജെപിക്ക് ലഭിച്ചാല്‍ അത് ഗൗരവകരമായി പരിഗണിക്കും. ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്‌നത്തിന് ഉത്തരവാദി ശിവസേന നേതാവ് സഞ്ജയ് റൗട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി ശിവസേന മന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലാണുള്ളത്. ഇത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ നിലവില്‍ 287 പേരാണുള്ളത്. ഒരു എംഎല്‍എ മരണപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയാല്‍ ഭൂരിപക്ഷം നേടാന്‍ 144 വോട്ടുകളാണ് ആവശ്യം.

ശിവസേന നയിക്കുന്ന എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങിയ മഹാവികാസ് അഘാഡി സഖ്യത്തിന് 152 എംഎല്‍എമാരാണ് സഭയിലുള്ളത്. ശിവസേനയുടെ 56 എംഎല്‍എമാരില്‍ 21 എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുജറാത്തില്‍ ഒളിവില്‍ പോയപ്പോള്‍ ശിവസേന എംഎല്‍എമാരുടെ എണ്ണം 34 ആയി കുറഞ്ഞു. ഇതോടെ ഭരണകക്ഷിയിലെ എംഎല്‍എമാരുടെ എണ്ണം 130 ആയി.

ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഒളിവില്‍ പോയ എംഎല്‍എമാര്‍ രാജിവെച്ചാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 133 വോട്ടാണ്. അതിനിടെയാണ് 134 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവുമായി ബിജെപി നേതാവ് സുധീര്‍ മുന്‍ഗന്തിവാര്‍ രംഗത്തെത്തിയത്. ഇന്നലെ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 134 വോട്ടുകളാണ് ബിജെപി നേടിയത്. പല ശിവസേന എംഎല്‍എമാര്‍ക്കും പാര്‍ട്ടി നിലപാടുകളോട് എതിര്‍പ്പുണ്ടായിരുന്നുവെന്ന കാര്യം പരസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം അധികാരം പങ്കിടുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സഖ്യകക്ഷികളായിരുന്ന ബിജെപിയുമായി ശിവസേന പിരിഞ്ഞത്. സേന പിന്നീട് എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന മന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയും 21 എംഎല്‍എമാരും ഒളിവില്‍ പോയത്.

Next Story

RELATED STORIES

Share it