Big stories

'മസ്ജിദ് ആകൃതിയില്‍' താഴികക്കുടങ്ങള്‍; മൈസൂരുവിലെ ബസ് ഷെല്‍ട്ടറുകള്‍ പൊളിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി

മസ്ജിദ് ആകൃതിയില്‍ താഴികക്കുടങ്ങള്‍; മൈസൂരുവിലെ ബസ് ഷെല്‍ട്ടറുകള്‍ പൊളിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി
X

ബംഗളൂരു: മസ്ജിദുകള്‍ക്ക് മുകളിലുള്ള താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള മൈസൂരിലെ പൊതു ബസ് ഷെല്‍ട്ടറുകള്‍ പൊളിച്ചുമാറ്റുമെന്ന ഭീഷണിയുമായി ബിജെപിയുടെ മൈസൂരു-കുടക് എംപി പ്രതാപ് സിന്‍ഹ. നിര്‍മാണച്ചുമതലയുള്ള എന്‍ജിനീയര്‍മാര്‍തന്നെ ഇത് ചെയ്യണം. ഇല്ലെങ്കില്‍ താന്‍ സ്വയം ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് അവ പൊളിച്ചുനീക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൈസൂരുവിലെ കൃഷ്ണരാജ അസംബ്ലി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചതിനെതിരേയാണ് മൈസൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കവെ ബിജെപി എംപി രംഗത്തുവന്നത്.

'മൈസൂരുവിലെ ഊട്ടി റോഡിലെ ബസ് സ്റ്റാന്റില്‍ താഴികക്കുടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, നടുവില്‍ വലിയ താഴികക്കുടവും ഇരുവശത്തും ചെറിയ താഴികക്കുടവുമുണ്ടെങ്കില്‍ അതൊരു പള്ളിയായി കണക്കാക്കപ്പെടും. ഞാന്‍ കെആര്‍ ഐഡിഎല്‍ എന്‍ജിനീയര്‍മാരോട് പറഞ്ഞു. ഇത് പൊളിച്ചുമാറ്റാന്‍ മൂന്നോ നാലോ ദിവസത്തെ സമയപരിധി അവര്‍ക്ക് നല്‍കിയിട്ടുണ്ട്, ഇല്ലെങ്കില്‍ ഞാന്‍ തന്നെ ജെസിബി കൊണ്ടുവന്ന് ഇത് പൊളിച്ചുതാഴെയിടും- ബിജെപി എംപി ഭീഷണി മുഴക്കി. നമുക്ക് മൈസൂരിന്റെ വികസനത്തിനായി പരിശ്രമിക്കാം.

മൈസൂരിലെ രാജാക്കന്‍മാര്‍ ഒരു പാരമ്പര്യം കൈമാറി. അത് മാനിച്ച് ഭരണസംവിധാനം പ്രവര്‍ത്തിക്കണം. എല്ലാ ഘടനകളും ചാമുണ്ഡേശ്വരി ദേവിയോടുള്ള ഭക്തിയെ പ്രതീകപ്പെടുത്തണം- സിംഹ പറയുന്നു. ബസ് ഷെല്‍ട്ടറുകളുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ശേഷമാണ് ഒരു പരിപാടിയില്‍ സംസാരിച്ച സിംഹ, ഈ ഘടനകളുടെ നിര്‍മാണത്തിന് ഉത്തരവാദികളായ എന്‍ജിനീയര്‍മാരോട് പൊളിച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തത്. അതേസമയം, മുനിസിപ്പല്‍ അധികാരികളോ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ച കമ്പനിയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Next Story

RELATED STORIES

Share it