Sub Lead

ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചു; ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി ആവര്‍ത്തിച്ച് കെ സുന്ദര

ഷേണിയിലെ ബന്ധുവീട്, പെര്‍ള വാണിനഗറിലെ സ്വന്തം വീട് എന്നിവിടങ്ങളിലായി മൊഴിയെടുപ്പ് ആറുമണിക്കൂര്‍ നീണ്ടു. സുന്ദരയുടെ മാതാവ്, മരുമകന്‍, മരുമകള്‍ എന്നിവരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. ഫോണ്‍കോള്‍ രേഖകളും പരിശോധിച്ചു. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചു; ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി ആവര്‍ത്തിച്ച് കെ സുന്ദര
X

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ആളാണ് കെ സുന്ദര. ബദിയടുക്ക പോലിസിന് നല്‍കിയ മൊഴി തന്നെയാണ് സുന്ദര ക്രൈംബ്രാഞ്ച് സംഘത്തോടും ആവര്‍ത്തിച്ചത്. പത്രിക പിന്‍വലിക്കുന്നതിന് ബിജെപി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചെന്നുമുള്ള മൊഴി തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തോടും സുന്ദര പറഞ്ഞത്.

സുനില്‍ നായക്ക്, സുരേഷ് നായക്ക്, അശോക്ക് ഷെട്ടി എന്നിവര്‍ പണം നല്‍കാനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്നതായും സുന്ദരയുടെ മൊഴിയില്‍ പറയുന്നു. ഇവരെ കൂടി പ്രതിചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷേണിയിലെ ബന്ധുവീട്, പെര്‍ള വാണിനഗറിലെ സ്വന്തം വീട് എന്നിവിടങ്ങളിലായി മൊഴിയെടുപ്പ് ആറുമണിക്കൂര്‍ നീണ്ടു. സുന്ദരയുടെ മാതാവ്, മരുമകന്‍, മരുമകള്‍ എന്നിവരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. ഫോണ്‍കോള്‍ രേഖകളും പരിശോധിച്ചു. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. തട്ടിക്കൊണ്ടുപോയെന്ന പുതിയ മൊഴിയനുസരിച്ച് കേസില്‍ ജാമ്യമില്ലാ കുറ്റം കൂടി ചേര്‍ക്കുകയോ പുതിയ എഫ്‌ഐആര്‍ ഇടുകയോ ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ സ്വന്തമായി ഒരു വൈന്‍ ഷോപ്പും വീടും നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നതായി സുന്ദര പറഞ്ഞിരുന്നു. ഇതില്‍ അന്വേഷണമാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ കാസര്‍കോട് എസ്പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം ആരംഭിച്ച ബദിയഡുക്ക പോലിസ്, വി വി രമേശന്റെയും കെ സുന്ദരയുടെയും മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ 171ഇ, 171ബി എന്നീ വകുപ്പുകള്‍ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു. ബദിയടുക്ക പോലിസില്‍നിന്ന് അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it