Sub Lead

കണ്ണന്താനത്തെ ഒഴിവാക്കി; വി മുരളീധരന്‍ കേന്ദ്രമന്ത്രിയാവും

വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വി മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് പ്രാതിനിധ്യമായി. ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി മുരളീധരന്‍.

കണ്ണന്താനത്തെ ഒഴിവാക്കി; വി മുരളീധരന്‍ കേന്ദ്രമന്ത്രിയാവും
X

ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമായ വി മുരളീധരന്‍ കേന്ദ്രമന്ത്രിയാവും. നിലവില്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് വി മുരളീധരനെ പരിഗണിക്കുന്നത്. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വി മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് പ്രാതിനിധ്യമായി. ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി മുരളീധരന്‍.

വി മുരളീധരന്‍ ഏറെക്കാലം ഡല്‍ഹി കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് മഹാരാഷ്ട്രയില്‍നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്കെത്തിയത്. കേരളത്തില്‍നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്കുള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യമെന്ന നിലയ്ക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാല്‍, ഇതുവരെ കേന്ദ്രമന്ത്രിസഭയിലെ പങ്കാളിത്തത്തെക്കുറിച്ച് കണ്ണന്താനത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് കാബിനറ്റ് സെക്രട്ടേറിയറ്റില്‍നിന്നും വിളിച്ചെന്നും വി മുരളീധരന്‍ പ്രതികരിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. തലശ്ശേരി സ്വദേശിയായ വി മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയിലും ആര്‍എസ്എസ്സിലും ശക്തമായ സാന്നിധ്യമായി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it