Sub Lead

തിരുവന്തപുരത്ത് സംഘപരിവാരവും സിപിഎമ്മും നേര്‍ക്കുനേര്‍; തലസ്ഥാനത്ത് തെരുവ് യുദ്ധം

സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇരുഭാഗങ്ങളിലുമായി സംഘടിച്ചതോടെ തലസ്ഥാനം തെരുവ് യുദ്ധത്തിന് സമാനമായി.

തിരുവന്തപുരത്ത് സംഘപരിവാരവും സിപിഎമ്മും നേര്‍ക്കുനേര്‍; തലസ്ഥാനത്ത് തെരുവ് യുദ്ധം
X

-സെക്രട്ടേറിയറ്റില്‍ വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെച്ചൊല്ലി സംഘപരിവാരം വ്യാപക അക്രമം അഴിച്ചുവിട്ടതോടെ തലസ്ഥാനത്തുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇരുഭാഗങ്ങളിലുമായി സംഘടിച്ചതോടെ തലസ്ഥാനം തെരുവ് യുദ്ധത്തിന് സമാനമായി. ദേശീയ പണിമുടക്കിനു വേണ്ടി സെക്രട്ടറിയറ്റിനു മുന്നില്‍ കെട്ടിയ പന്തല്‍ കേന്ദ്രീകരിച്ച് സിപിഎം പ്രവര്‍ത്തകരും ശബരിമല ഉപവാസ പന്തല്‍ കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തകരും സംഘടിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ സുരക്ഷാ വേലികള്‍ ഭേദിച്ച് ഉള്ളിലേക്ക് കടന്നു. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നിലെത്തിയ ഏഴോളം മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്ന് പോകുന്ന സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് പ്രവര്‍ത്തകര്‍ കടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോകുന്ന സമയത്ത് നടന്ന പ്രതിഷേധം വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റം നടത്തി. വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമരക്കാര്‍ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പലരുടെയും കാമറകള്‍ പിടിച്ചു വാങ്ങാനും മര്‍ദ്ദിക്കാനും ശ്രമമുണ്ടായി.

അതേസമയം, യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. ചെറിയ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കൊട്ടാരക്കരയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. നെയ്യാറ്റിന്‍കരയിലും കൊച്ചി കച്ചേരിപ്പടിയിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.




Next Story

RELATED STORIES

Share it