ബിഷപ്പിനെതിരായ പീഡനക്കേസ്: കന്യാസ്ത്രീകളുടെ സ്ഥലമാറ്റം മരവിപ്പിച്ചു

ഇതുസംബന്ധിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചതായി സിസ്റ്റര്‍ അനുപമ അറിയിച്ചു.

ബിഷപ്പിനെതിരായ പീഡനക്കേസ്:  കന്യാസ്ത്രീകളുടെ സ്ഥലമാറ്റം മരവിപ്പിച്ചു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇവര്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം. ഇതുസംബന്ധിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചതായി സിസ്റ്റര്‍ അനുപമ അറിയിച്ചു.

പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയാണ് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്.ഇതിനെതിരെ കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ക്ക് കേസ് നടപടികള്‍ പൂര്‍ത്തിയാകുംവരെ കുറവിലങ്ങാട്ടുതന്നെ തുടരാന്‍ അനുമതി ലഭിച്ചത്. ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി സ്വീകരിക്കാത്തപക്ഷം സംസ്ഥാന വ്യാപക സമരം നടത്താനും സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ഫോറം തീരുമാനിച്ചിരുന്നു. കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധര്‍ രൂപതാ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചത്.

സത്യത്തിന് വേണ്ടി മരണം വരെയും നില്‍ക്കുമെന്ന് സിസ്റ്റര്‍ അനുപമ

പ്രലോഭനങ്ങളില്‍ വീഴില്ലെന്നും സത്യത്തിനു വേണ്ടി മരണം വരെ നില്‍ക്കുമെന്നും അനുപമ വ്യക്തമാക്കി.കന്യാസ്ത്രീകളെ പിന്തുണച്ച്് കോട്ടയത്ത് സംഘടിപ്പിച്ച സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ ഒറ്റപ്പെടുന്നത് സമൂഹത്തിന് വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി ലഭിച്ചില്ലെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനില്‍ സംഘര്‍ഷം

സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്ന കാത്തലിക് ഫോറം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രതിഷേധിക്കാരായ അഞ്ചോളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു കാത്തലിക് ഫോറം പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന അഞ്ചോളം പേരുടെ പ്രതിഷേധം.

RELATED STORIES

Share it
Top