Sub Lead

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ പോരാട്ടം കടുക്കും; എസ്ഡിപിഐക്ക് നിരവധി സംഘടനകളുടെ പിന്തുണ

ഡിഎംകെ സ്ഥാനാര്‍ഥി ദയാനിധി മാരനും പിഎംകെ സ്ഥാനാര്‍ഥി സാം പോളും തമ്മിലാണ് പ്രധാന മല്‍സരമെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എസ്ഡിപിഐ-എഎംഎംകെ മുന്നണി സ്ഥാനാര്‍ഥി ദഹ്‌ലാന്‍ ബാഖവി ആര്‍ക്കും എഴുതിത്തള്ളനാവാത്ത സാന്നിധ്യമായി മാറിയിട്ടുണ്ട്.

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ പോരാട്ടം കടുക്കും; എസ്ഡിപിഐക്ക് നിരവധി സംഘടനകളുടെ പിന്തുണ
X

എം ടി പി റഫീക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നായ ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇക്കുറി തീപാറുന്ന മല്‍സരം. ഡിഎംകെ സ്ഥാനാര്‍ഥി ദയാനിധി മാരനും പിഎംകെ സ്ഥാനാര്‍ഥി സാം പോളും തമ്മിലാണ് പ്രധാന മല്‍സരമെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എസ്ഡിപിഐ-എഎംഎംകെ മുന്നണി സ്ഥാനാര്‍ഥി ദഹ്‌ലാന്‍ ബാഖവി ആര്‍ക്കും എഴുതിത്തള്ളനാവാത്ത സാന്നിധ്യമായി മാറിയിട്ടുണ്ട്. എഐഎഡിഎംകെ, ബിജെപി മുന്നണിയില്‍ സഖ്യകക്ഷിയായ പിഎംകെയുടെ സ്ഥാനാര്‍ഥി സാം പോള്‍ രാഷ്ട്രീയത്തില്‍ പുതുമുഖമാണ്.

വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് തമിഴ്‌നാടിന്റെ തലസ്ഥാന മണ്ഡലം. ഒരു വശത്ത് സെന്‍ട്രലും അണ്ണാ നഗറും ഉള്‍പ്പെടെയുള്ള ധനിക നഗരങ്ങള്‍. ഏതാനും മീറ്റര്‍ അകലെ ജി എച്ച് ക്വാര്‍ട്ടേഴ്‌സ്, അമിഞ്ഞിക്കരൈ ഉള്‍പ്പെടെയുള്ള ചേരികള്‍. സാംസ്‌കാരിക രംഗത്തും ഈ വൈവിധ്യം കാണാം. ഹിന്ദി, ഉറുദു സംസാരിക്കുന്നവരുടെ വലിയ സാന്നിധ്യമുള്ള മണ്ഡലത്തില്‍ ആന്ധ്രക്കാരും മലയാളികളും അവഗണിക്കാനാവാത്ത ശക്തിയാണ്. വോട്ടര്‍മാരില്‍ 10 ശതമാനത്തോളം മുസ്ലിംകളാണ്. ചെപ്പോക്ക്, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലേറെ മുസ്ലിംകളുണ്ട്.

വില്ലിവാക്കം, എഗ്മോര്‍(എസ്‌സി), ഹാര്‍ബര്‍, ചെപ്പോക്ക്, തൗസന്റ് ലൈറ്റ്‌സ്, അണ്ണാ നഗര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ചെന്നൈ സെന്‍ട്രല്‍ ഡിഎംകെയുടെ കുത്തക മണ്ഡലമായാണ് അറിയപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ തവണ എഐഎഡിഎംകെയുടെ എസ് ആര്‍ വിജയകുമാര്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. നേരത്തേ മുന്‍ കേന്ദ്ര മന്ത്രി മുരസൊലി മാരന്‍ കൈയടക്കിവച്ചിരുന്ന മണ്ഡലം പിന്നീട് മകന്‍ ദയാനിധി മാരന് കൈമാറുകയായിരുന്നു. 2004ലും 2009ലും ദയാനിധി മാരന്‍ ജയിച്ച മണ്ഡലത്തില്‍ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ വിജയകുമാര്‍ അട്ടിമറി വിജയം നേടിയത്.




അതേ സമയം, ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എഐഎഡിഎംകെയില്‍ നിന്ന് പിളര്‍ന്ന് ടി ടി വി ദിനകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അമ്മ മക്കള്‍ മുന്നേറ്റ കഴകം സഖ്യ കക്ഷിയായ എസ്ഡിപിഐക്ക് മണ്ഡലം വിട്ടുനല്‍കിയതോടെ മല്‍സരം പ്രവചനാതീതമായിട്ടുണ്ട്. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവിയാണ് മുന്നണി സ്ഥാനാര്‍ഥി. മണ്ഡലത്തിലെ പുരസവാക്കം സ്വദേശിയായ ദഹ്‌ലാന്‍ ബാഖവി ഇതിനകം തന്നെ പ്രചരണ രംഗത്ത് ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. സാധാരണക്കാരുടെ മനസ്സ് തൊട്ടുള്ള പ്രചാരണ രീതിയാണ് ദഹ്‌ലാന്‍ ബാഖവി സ്വീകരിക്കുന്നത്. മണ്ഡലത്തിലെ അവികസിത പ്രദേശങ്ങളിലും മുസ്ലിം ബെല്‍റ്റുകളിലും വലിയ സ്വീകരണമാണ് ദഹ്‌ലാന്‍ ബാഖവിക്കു ലഭിക്കുന്നത്. ഇന്ത്യന്‍ തൗഹീദ് ജമാഅത്ത്, ഇന്ത്യന്‍ നാഷനല്‍ ലീഗ്, സിപിഐഎംഎല്‍, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പൗത്രന്‍ ദാവൂദ് മിയാ ഖാന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മുസ്ലിം ലീഗ്, തമിഴക മക്കള്‍ ജനനായക കക്ഷി, വിടുതലൈ തമിഴ് പുലികള്‍ കക്ഷി തുടങ്ങി 30ഓളം പാര്‍ട്ടികളും സംഘടനകളും ഇതിനകം എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടം കുളം ആണവ വിരുദ്ധ സമര നായകന്‍ ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ പ്രചരണത്തിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു.

തനിക്കേതിരേ മല്‍സരിക്കുന്ന പ്രധാന സ്ഥാനാര്‍ഥികളായ ദയാനിധി മാരനും സാം പോളും കോര്‍പറേറ്റുകളുടെ പ്രതിനിധിയാണെന്ന് ദഹ്‌ലാന്‍ ബാഖവി പറഞ്ഞു. തമിഴ്‌നാടിന്റെ ഹൃദയ ഭാഗമാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ വളരെ പിറകിലാണ് ചെന്നൈ സെന്‍ട്രല്‍ മണ്ഡലം. കുടിവെള്ളപ്രശ്‌നം രൂക്ഷമാണ്. സമ്പന്ന മേഖലകളില്‍ ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ടെങ്കിലും ഇടത്തരക്കാരും ദരിദ്രരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മഴക്കാലത്ത് മലിനജലം വന്നുനിറയുന്ന ചേരികള്‍ നഗരത്തിന്റെ മറ്റൊരു മുഖമാണ്. ഗതാഗതക്കുരുക്കു മൂലം വീര്‍പ്പുമുട്ടുന്ന നഗരമാണ് ചെന്നൈ സെന്‍ട്രല്‍. ലോകത്തെ പ്രശസ്ത ബീച്ചുകളിലൊന്നായ മറീന ബീച്ചില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു പോയ ജനപ്രതിനിധികള്‍ക്കു സാധിച്ചിട്ടില്ലെന്ന് ദഹ്‌ലാന്‍ ബാഖവി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ പ്രതിനിധിയായ തനിക്ക് മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകരണം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കമല്‍ഹാസന്റെ മക്കല്‍ നീതി മയ്യം സ്ഥാനാര്‍ഥിയായി നടന്‍ നാസറിന്റെ ഭാര്യ കമീല നാസര്‍, നാം തമിളര്‍ കക്ഷി സ്ഥാനാര്‍ഥിയായി ഡോ. കാര്‍ത്തികേയന്‍, മുന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റി സി എസ് കര്‍ണന്‍ ഉള്‍പ്പെടെ മൊത്തം 31 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നത്.

Next Story

RELATED STORIES

Share it