Sub Lead

ഭീമ കൊറേഗാവ്: നീതി അകലെ, അട്ടിമറിക്കപ്പെടുന്നത് ഭരണഘടന

രണ്ട് വര്‍ഷമായി ജയിലില്‍ കിടക്കുന്നവര്‍ക്ക് മേല്‍ക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ഉത്തരവിന്റെ കോപ്പി പോലും ലഭിക്കുന്നില്ല

ഭീമ കൊറേഗാവ്: നീതി അകലെ, അട്ടിമറിക്കപ്പെടുന്നത്  ഭരണഘടന
X

പുനെ: ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാമാണെന്നാണ് വയ്പ്. ബ്രഹത്തായ ഭരണഘടന, ജനാധിപത്യത്തിലും സോഷ്യലിസത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ രാഷ്ട്രസംവിധാനം. പക്ഷേ, ഇന്ത്യയിലെ ഒരു കോടതിയുടെ വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധിക്കാത്തിടത്തോളം നമ്മുടെ സംവിധാനം സത്യവുമായി ഒളിച്ചുകളിക്കുന്നുവെന്നു വേണംകരുതാന്‍. ഭീമ കൊറേഗാവ് കേസ് നമുക്ക് കാണിച്ചുതരുന്നത് അതുതന്നെയാണ്.

സംഘപരിവാര്‍ ഭരണകൂടം യുഎപിഎ ചുമത്തി വരവര റാവു, സുധാ ഭരദ്വാജ്, ഷോമാസെന്‍, സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണാ വില്‍സണ്‍, അരുണ്‍ ഫെരെയ്‌ര, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലാഖ എന്നിവരെ തടവിലാക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഭീമ കൊറേഗാവ് വാര്‍ഷികാഘോഷത്തിന് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെ നടന്ന ദലിത് ചെറുത്തുനില്‍പ്പിന് ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ തടവിലാക്കിയത്. ഏറ്റവും ഒടുവില്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ആനന്ദ് തെല്‍തുംബ്ദെയും ഗൗതം നവ്‌ലാഖയും.

ഇവര്‍ ഏപ്രില്‍ 14 മുതല്‍ 11 ദിവസം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയിലായിരുന്നു. ഏപ്രില്‍ 14ന് എന്‍ഐഎക്ക് മുന്നില്‍ കീഴടങ്ങുകയും അതേ ദിവസം തന്നെ കോടതി റിമാന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. എന്നാല്‍ ഈ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്ന എല്ലാ ഉദ്യോഗസ്ഥരോടും സ്വയം ക്വാറന്റൈനില്‍ പോകുവാന്‍ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകരായ ആര്‍ സത്യനാരായണന്‍, സൂസന്‍ അബ്രഹാം, നിലേഷ് ഉകി, ആരിഫ് സിദ്ദിഖി എന്നിവര്‍ മുഖേന തെല്‍തുംബ്ദെ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തനിക്ക് 70 വയസ്സ് പ്രായമുണ്ടെന്നും സ്‌പോണ്ടിലൈറ്റിസ്, പ്രമേഹം, ആസ്ത്മ എന്നിവയാല്‍ ബുദ്ധിമുട്ടുന്നതായും ജയിലിലെ തിരക്കേറിയ അവസ്ഥകള്‍ കാരണം രോഗാവസ്ഥ മൂര്‍ച്ഛിച്ചേക്കാമെന്നും തെല്‍തുംബ്ദെ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ തള്ളിയ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡിഇ കോത്താലിക്കര്‍, എന്‍ഐഎ കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ അപേക്ഷകന്റെ ആരോഗ്യം പതിവായി പരിശോധിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാനാവില്ലെന്നും നിരീക്ഷിച്ചു. ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ തടവും എന്‍ഐഎ നിയമപ്രകാരം വരുന്നതുമായ കുറ്റങ്ങള്‍ക്കാണ് തെല്‍തുംബ്ദെക്കെതിരേ കേസെടുക്കുന്നതെന്നും അതിനാല്‍ ഒരു ആശ്വാസവും നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു പൗരന് കോടതി ജാമ്യം നിഷേധിച്ചാല്‍, കുറ്റാരോപിതര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ രാജ്യത്ത് നിയമമുണ്ട്. എന്നാല്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഏപ്രില്‍ 25ലെ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ജാമ്യം തള്ളിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് അപ്‌ലോഡ് ചെയ്യാന്‍ കോടതി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കാന്‍ അഭിഭാഷകര്‍ 2020 ഏപ്രില്‍ 26 ന് ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയാറാകാതെ മെയ് 4 ലേക്ക് കേസ് പോസ്റ്റ് ചെയ്യുകയാണ് ജഡ്ജി ചെയ്തത്.

2020 മെയ് എട്ടിന്, വീണ്ടും പ്രത്യേക എന്‍ഐഎ കോടതിയെ സമീപിച്ചു. അപ്പോഴും തലോജ ജയിലില്‍ നിന്ന് ഒരു റിപോര്‍ട്ടും വന്നിട്ടില്ല. അതിനാല്‍ ഡോ. ആനന്ദ് തെല്‍തുംബ്ദേക്ക് എന്തെങ്കിലും മെഡിക്കല്‍ സഹായം നല്‍കുന്നുണ്ടോ എന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഏപ്രില്‍ 25 ലെ ജാമ്യം തള്ളിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് അപ്‌ലോഡ് ചെയ്യാന്‍ കോടതി ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ജഡ്ജിയോട് വീണ്ടും അഭ്യര്‍ത്ഥിച്ചെങ്കിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് അത് തള്ളി.

2020 മാര്‍ച്ച് 30നാണ് വിപ്ലവ കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വര വര റാവു ഇടക്കാല ജാമ്യത്തിനായി എന്‍ഐഎ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ എണ്‍പതുകാരനായ അദ്ദേഹത്തിനും ജാമ്യം നിഷേധിക്കുകയാണ് കോടതി ചെയ്തത്. അതേസമയം വിചാരണത്തടവുകാര്‍ക്ക് ലഭിക്കേണ്ട ആശയവിനിമയം നടത്താനുള്ള അവകാശം അനുവദിക്കാന്‍ കോടതി തയാറായി. ഇതേ കേസില്‍ ബൈക്കുല്ല വിമന്‍സ് ജയിലില്‍ തടവില്‍ കഴിയുന്ന ഡോ. ഷോമ സെന്നിന് ഫോണ്‍ വിളിക്കാനുള്ള അനുമതി നല്‍കി. പക്ഷേ, അഡ്വ. സുധാ ഭരദ്വാജിന് അതും ലഭിച്ചില്ല. എന്നാല്‍ ഡോ. ഷോമാ സെന്നിനും അഡ്വ. സുധഭരദ്വാജിനും ടെലഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്. അത് ഭാഗികമായി മാത്രം ശരിയാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ബൈക്കുല്ല ജയില്‍ അധികൃതരുടെ റിപോര്‍ട്ട് മുഖവിലയ്‌ക്കെടുകയാണ് ചെയ്തത്.

ചുരുക്കത്തില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കിടക്കുന്നവര്‍ക്ക് മേല്‍ക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ഉത്തരവിന്റെ കോപ്പി പോലും ലഭിക്കുന്നില്ല. നാമെല്ലാം ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ കടന്നുപോവുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു പൗരന് ലഭിക്കേണ്ട, ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഭീമാ കൊറേഗാവ് കേസില്‍ നടക്കുന്നതെന്ന് പറയേണ്ടിവരും.

വിവരങ്ങള്‍ക്ക് കടപ്പാട്: രവി നായര്‍ ( മാധ്യമ പ്രവര്‍ത്തകന്‍ )

Next Story

RELATED STORIES

Share it