Sub Lead

യുദ്ധത്തിന് ഏക ഉത്തരവാദി പ്രധാനമന്ത്രി; രൂക്ഷവിമര്‍ശനവുമായി ഇസ്രായേല്‍ പത്രം

യുദ്ധത്തിന് ഏക ഉത്തരവാദി പ്രധാനമന്ത്രി; രൂക്ഷവിമര്‍ശനവുമായി ഇസ്രായേല്‍ പത്രം
X
ഗസ സിറ്റി: ഗസയിലെ ഹമാസ് പോരാളികള്‍ ശനിയാഴ്ച രാവിലെ ഇസ്രായേലിലേക്കു നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ യുദ്ധത്തിന്റെ ഏക ഉത്തരവാദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണെന്ന രൂക്ഷവിമര്‍ശനവുമായി ഇസ്രായേലിലെ പ്രമുഖ പത്രമായ ഹാരറ്റ്‌സ്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇസ്രായേലിനെ ഇത്രയധികം പ്രതിസന്ധിയിലാക്കിയ ആക്രമണത്തിനു പിന്നില്‍ ഇന്റലിജന്‍സ് പരാജയവും ഫലസ്തീനികളോടുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയവുമാണ് കാരണമെന്നും ഹാരറ്റ്‌സ് കുറ്റപ്പെടുത്തി. ഇസ്രായേലിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രങ്ങളിലൊന്നയ ഹാരറ്റ്‌സ് എഡിറ്റോറിയലിലൂടെയാണ് പ്രധാനമന്ത്രിയെയും ഭരണകൂടനയങ്ങളെയും വിചാരണ ചെയ്യുന്നത്.

1973ലെ യോം കിപ്പൂര്‍ യുദ്ധത്തില്‍ ഈജിപ്തിന്റെയും സിറിയയുടെയും ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രായേലില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് പത്രം വിശദീകരിക്കുന്നു. ഇസ്രായേലിന് സംഭവിച്ച ദുരന്തത്തിന് വ്യക്തമായ കാരണക്കാരന്‍ ബെഞ്ചമിന്‍ നെതന്യാഹു എന്ന ഒരേയൊരു വ്യക്തിയാണ്. രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങളില്‍ തനിക്ക് വിപുലമായ അറിവുണ്ടെന്ന് അഭിമാനിച്ചിരുന്ന അദ്ദേഹം ഫലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിച്ച് തയ്യാറാക്കിയ വിദേശനയം സ്വീകരിച്ചതാണ്


അപ്രതീക്ഷിത ആക്രമണത്തിനു കാരണം. പിടിച്ചടക്കലും പുറത്താക്കലുമായി ഇസ്രായേല്‍ സര്‍ക്കാര്‍ മുന്നോട്ടുപോയി. അറബികള്‍ക്കെതിരേ നിരന്തരം വിദ്വേഷ പ്രസംഗം നടത്തിയിരുന്ന ഇറ്റാമര്‍ ബെന്‍ഗ്വീര്‍, വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം വര്‍ധിപ്പിച്ച ബെസലേല്‍ സ്‌മോട്രിച്ച് എന്നിവര്‍ക്ക് സുപ്രധാനസ്ഥാനം നല്‍കിയപ്പോള്‍ അതിന്റെ അപകടങ്ങള്‍ തിരിച്ചറിയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. തോല്‍വിയുടെ ഉത്തരവാദിത്തം സൈന്യത്തിന്റെയും മിലിറ്ററി ഇന്റലിജന്‍സിന്റെയും മറ്റും തലയില്‍ കെട്ടിവച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. യോം കിപ്പൂര്‍ യുദ്ധകാലത്ത് മുന്‍ഗാമികള്‍ ചെയ്തതും അങ്ങനെയാണ്. ഹമാസിനെയും അവരുടെ ശക്തിയെയും പുച്ഛിച്ചുതള്ളിയതാണ് ദുരന്തത്തിനു കാരണം. അടുത്ത ദിവസങ്ങളില്‍ ഇസ്രായേല്‍ സേനയുടെ ആഴവും ഇന്റലിജന്‍സ് പരാജയങ്ങളും വെളിച്ചത്തുവരുമ്പോള്‍ പ്രധാനമന്ത്രി ഒഴിഞ്ഞുമാറും. എന്നാലും സൈനിക, രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയത്തിലും പ്രതിസന്ധിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്നും നെതന്യാഹുവിന് മാറിനില്‍ക്കാനാവില്ല. കാരണം ഇസ്രയേലി വിദേശ, സുരക്ഷാ കാര്യങ്ങളുടെ ആത്യന്തിക ചുമതല നെതന്യാഹുവിനാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.


രണ്ടാം ലെബനന്‍ യുദ്ധത്തില്‍ എഹൂദ് ഓള്‍മെര്‍ട്ടിനെപ്പോലെ നെതന്യാഹു ഇത്തരം കാര്യത്തില്‍ തുടക്കക്കാരനല്ല. 1973ല്‍ ഗോള്‍ഡാ മെയറും 1982ല്‍ മെനാചെം ബെഗിനും അവകാശപ്പെട്ടതുപോലെ സൈനിക കാര്യങ്ങളിലും അദ്ദേഹം അജ്ഞനല്ല. ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ചിറകുകള്‍ അരിയാമെന്ന നഫ്താലി ബെന്നറ്റിന്റെയും യെയര്‍ ലാപിഡിന്റെയും നേതൃത്വത്തിലുള്ള ഹ്രസ്വകാല സര്‍ക്കാര്‍ സ്വീകരിച്ച നയം നെതന്യാഹു രൂപപ്പെടുത്തിയതാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍, ഇസ്രായേലിന്റെ ഭാഗത്ത് യുദ്ധങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കിയ ജാഗ്രതയുള്ള നേതാവായാണ് നെതന്യാഹു സ്വയം വിശേഷിപ്പിച്ചത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം സമ്പൂര്‍ണ വലതുപക്ഷ സര്‍ക്കാരായി മാറുകയാണ് ചെയ്തത്. വെസ്റ്റ്ബാങ്കിന്റെ കൂട്ടിച്ചേര്‍ക്കാനും ഓസ് ലോ കരാറില്‍ നിര്‍വചിക്കപ്പെട്ട ഏരിയ സിയില്‍പ്പെടുന്ന ഹെബ്രോണ്‍ കുന്നുകളും ജോര്‍ദാന്‍ താഴ് വരയും ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വംശീയ ഉന്മൂലനം നടത്താനും നടപടികള്‍ സ്വീകരിച്ചതായും പത്രം വിമര്‍ശിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ വന്‍തോതിലുള്ള കുടിയേറ്റം, അല്‍അഖ്‌സ മസ്ജിദിന് സമീപമുള്ള ടെംപിള്‍ മൗണ്ടിലെ ജൂത സാന്നിധ്യം ശക്തിപ്പെടുത്തല്‍, സൗദിയുമായുള്ള കരാര്‍ സംബന്ധിച്ചുള്ള വീമ്പുപറച്ചില്‍ എന്നിവയെല്ലാം തിരിച്ചടിക്ക് കാരണമായെന്ന് ഹാരസ്റ്റ് അക്കമിട്ടുനിരത്തുന്നുണ്ട്. വെസ്റ്റ് ബാങ്കിലും

ഫലസ്തീനികള്‍ ഇസ്രായേലി അധിനിവേശത്തിന്റെ ഭാരം അനുഭവിക്കാന്‍ തുടങ്ങിയതോടെയാണ് അവസരം മുതലെടുത്ത് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതെന്നും എഡിറ്റോറിയല്‍ വിശദീകരിക്കുന്നുണ്ട്. സമീപ കാലത്ത് ഇസ്രായേലില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും ഹമാസ് തിരിച്ചറിഞ്ഞു. മൂന്ന് അഴിമതിക്കേസുകളില്‍ കുറ്റാരോപിതനായ ഒരു പ്രധാനമന്ത്രിക്ക് രാഷ്ട്ര കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ല. കാരണം അദ്ദേഹത്തെ ശിക്ഷാവിധിയില്‍ നിന്നും ജയില്‍വാസത്തില്‍ നിന്നും മോചിപ്പിക്കുക എന്നത് ദേശീയ താല്‍പ്പര്യങ്ങളേക്കാള്‍ ഉയര്‍ന്നതായി മാറും. ഇതിനു വേണ്ടിയുള്ള ജുഡീഷ്യല്‍ അട്ടിമറിയും രാഷ്ട്രീയ എതിരാളികളായി കണക്കാക്കപ്പെട്ട ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ദുര്‍ബലപ്പെടുത്തിയതിനും ഉത്തരവാദി ബെഞ്ചമിന്‍ നെതന്യാഹുവാണ്. പടിഞ്ഞാറന്‍ നെഗേവിലെ അധിനിവേശത്തിന് ഇരയായവരാണ് ഇതിന് വില നല്‍കേണ്ടി വന്നതെന്നും പത്രം ഓര്‍മിപ്പിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it