Sub Lead

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന്, തുടര്‍ നിലപാട് തീരുമാനിക്കും

ഉച്ചയ്ക്ക് ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കും.

വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന്, തുടര്‍ നിലപാട് തീരുമാനിക്കും
X

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് ദീപ മോഹനുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ തളളിയ പശ്ചാത്തലത്തില്‍ തുടര്‍ നിലപാട് ആലോചിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കും. മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരേയുളള കേസ് പിന്‍വലിക്കണമെന്നാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ പ്രധാന ആവശ്യം.

പ്രശ്‌ന പരിഹാരത്തിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ ഇന്നലെ തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റ് ദീപ മോഹനെതിരേ ബഹിഷ്‌കരണവുമായി മുന്നോട്ട് പോകുമെന്നും അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ ഉറച്ചുനിന്ന ദീപമോഹന്‍ അവധിയില്‍ പ്രവേശിച്ചു.

ഇരുപക്ഷങ്ങളും തമ്മിലുളള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്നലെ രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ എത്തിയിരുന്നു. ബാര്‍ അസോസിയേഷനുമായും ജില്ലാ ജഡ്ജിയുമായും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ ഷാനവാസ്ഖാന്‍ അഭിഭാഷകരും മജിസ്‌ട്രേറ്റുമായുളള പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നും അഭിഭാഷകര്‍ ബഹിഷ്‌കരണം അവസാനിപ്പിച്ചുവെന്നും ദീപ മോഹന്‍ മജിസ്‌ട്രേറ്റായുളള കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകുമെന്നും അറിയിച്ചിരുന്നു.

അതിനിടെ, പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്കെതിരെയുളള കേസ് പിന്‍വലിക്കാന്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. തുടര്‍ന്ന് കേസ് നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്നും മറ്റു കാര്യങ്ങളില്‍ തീരുമാനമാകാമെന്നുമുളള നിലപാട് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ചു. എന്നാല്‍, കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ മജിസ്‌ട്രേറ്റ് ഉറച്ചുനിന്നതോടെ ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ തളളുകയായിരുന്നു

അഭിഭാഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയില്‍ കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുന്നതിനിടെയാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരില്‍ കണ്ടത്. നേരത്തെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത് അടക്കമുളള വകുപ്പുകള്‍ ചുമത്തി അഭിഭാഷകര്‍ക്ക് എതിരെ പൊലീസും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it