Sub Lead

ആത്മഹത്യ ചെയ്യാന്‍ പോവുന്നുവെന്ന് സുഹൃത്തിന്റെ കോള്‍; ഫാനില്‍ കെട്ടിത്തൂങ്ങിയ യുവതിയെ രക്ഷിച്ച് ബാലുശേരി പോലിസ്

ആത്മഹത്യ ചെയ്യാന്‍ പോവുന്നുവെന്ന് സുഹൃത്തിന്റെ കോള്‍; ഫാനില്‍ കെട്ടിത്തൂങ്ങിയ യുവതിയെ രക്ഷിച്ച് ബാലുശേരി പോലിസ്
X

കോഴിക്കോട്: ആത്മഹത്യ ചെയ്യാന്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ യുവതിയെ രക്ഷിച്ച് ബാലുശേരി പോലിസ്. യുവതി ആത്മഹത്യ ചെയ്യാന്‍ പോവുന്നുവെന്ന് കാട്ടി പയ്യോളി പോലിസ് സ്‌റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് രക്ഷാപ്രവര്‍ത്തനത്തിന് കാരണമായത്. പയ്യോളി പോലിസ് ഇക്കാര്യം ഉടന്‍ ബാലുശേരി പോലിസില്‍ വിളിച്ചറിയിച്ചു. ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതി സുഖം പ്രാപിച്ചു വരുകയാണെന്ന് കേരള പോലിസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

''നിങ്ങളുടെ സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിളിച്ച നമ്പര്‍ ഇതാണ്.' പയ്യോളി പോലിസ് സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ബാലുശ്ശേരി സ്റ്റേഷനില്‍ ജനറല്‍ ഡയറി ചാര്‍ജില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിവരം ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശിനു കൈമാറി. ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ണാടിപ്പൊയില്‍ ഭാഗത്താണെന്നു മനസ്സിലാക്കിയ ഉടന്‍ തന്നെ പോലിസ് സംഘം അങ്ങോട്ടേക്ക് കുതിച്ചു. അതിനിടയില്‍ തന്നെ ഇന്‍സ്പെക്ടര്‍ ആ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടക്ക് യുവതി ഫോണ്‍ എടുത്തതോടെ അവരോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം. ആരും ഇവിടേക്കു വരേണ്ടെന്നായി യുവതി. ഞങ്ങള്‍ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചു. ഇതിനിടയ്ക്ക് യുവതി ഫോണ്‍ കട്ട് ചെയ്തു. ലൊക്കേഷനിലെ ഒരു വീടിനു സമീപമെത്തിയപ്പോള്‍ കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന പോലിസ് സംഘം ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെ ആണ് കണ്ടത്. ഉടന്‍ തന്നെ ഇന്‍സ്‌പെക്ടര്‍ യുവതിയെ പിടിച്ച് ഉയര്‍ത്തി. മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി പോലിസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരുന്നു. ആത്മാര്‍ത്ഥതയോടെ കര്‍ത്തവ്യനിര്‍വഹണത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.''

Next Story

RELATED STORIES

Share it