Sub Lead

മുനവ്വര്‍ ഫാറൂഖിയുടെ ഗുജറാത്തിലെ പരിപാടികള്‍ തടയും; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

മുനവ്വര്‍ ഫാറൂഖിയുടെ ഗുജറാത്തിലെ പരിപാടികള്‍ തടയും; ഭീഷണിയുമായി ബജ്‌റംഗ്ദള്‍
X

ന്യൂഡല്‍ഹി: പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ ഗുജറാത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബജ്‌റംഗ്ദള്‍. ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന തന്റെ ഗുജറാത്ത് ടൂറിന്റെ ഭാഗമായി ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന ഭീഷണിയുമായി ബജ്‌റംഗ് ദള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫാറൂഖി ഹിന്ദു വികാരം വൃണപ്പെടുത്തുന്നു എന്ന് എന്ന് ബജ്‌റംഗ് ദള്‍ നേതാവ് ജ്വലിത് മെഹ്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചു.

'മുനവ്വര്‍ ഫാറൂഖിയെ ഒരൊറ്റ വേദിയില്‍ പോലും പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പരിപാടികള്‍ റദ്ദാക്കാന്‍ ഞങ്ങള്‍ മുനവ്വര്‍ ഫാറൂഖിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശം ലംഘിച്ച് പരിപാടി നടത്താനാണ് തീരുമാനമെങ്കില്‍ സാമ്പത്തികമായും ശാരീരികമായും മാനസികമായും നഷ്ടം നേരിടേണ്ടി വരും'. ബജ്‌റംഗ് ദള്‍ നോര്‍ത്ത് ഗുജറാത്ത് പ്രസിഡന്റ് ജ്വലിത് മെഹ്ത ഭീഷണി ഉയര്‍ത്തി.


ഒക്ടോബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലാണ് മുനവ്വര്‍ അലിയുടെ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ ഒന്നിന് സൂററ്റിലും, രണ്ടിന് അഹമ്മദാബാദിലും മൂന്നിന് വഡോദരയിലുമാണ് പരിപാടികള്‍.

'മുനവ്വര്‍ ഫാറൂഖി ഗുജറാത്തിലെ പലനഗരങ്ങളിലും പരിപാടി അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന രീതിയില്‍ നിരവധി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോമഡി പ്രോഗ്രാമുകള്‍ പലതും ഹിന്ദു മതവിശ്വാസികളേയും ഹൈന്ദവമതവികാരത്തേയും വൃണപ്പെടുത്തുന്നതാണ്. ഹിന്ദുക്കള്‍ പലരും സഹിഷ്ണുതയോടെ ക്ഷമിച്ചിരിക്കുകയാണ്. എന്നാല്‍ ബജ്‌റംഗ് ദളിന് ആ ക്ഷമയുണ്ടാവുമെന്ന് കരുതണ്ട. മുനവ്വര്‍ ഫാറൂഖിയെ ഒരൊറ്റ വേദിയില്‍ പോലും പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല' ജ്വലിത് മെഹ്ത പറഞ്ഞു.

ഹിന്ദുവികാരം വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് മുനവ്വര്‍ ഫാറൂഖിയെ കഴിഞ്ഞ ജനുവരിയില്‍ ഇന്‍ഡോറില്‍ വച്ച് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി എംഎല്‍എയുടെ മകന്‍ നല്‍കിയ പരാതിയിലാണ് മുനവ്വര്‍ ഫാറൂഖിയെ ഇന്‍ഡോര്‍ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, എഫ്‌ഐആര്‍ 'അവ്യക്ത'മാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ സുപ്രീംകോടതി മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചു.

Next Story

RELATED STORIES

Share it