Sub Lead

ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കവാടം; മതമൈത്രിയുടെ സന്ദേശവുമായി ആയമ്പാറ

വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ എന്നാണ് നാട്ടുകാര്‍പറയുന്നത്.

ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കവാടം; മതമൈത്രിയുടെ സന്ദേശവുമായി ആയമ്പാറ
X

കാസര്‍കോഡ്: മതത്തിന്റെ പേരില്‍ സംഘപരിവാരം രാജ്യം മുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന കാലത്ത് മതമൈത്രിയുടെ മാതൃകയായി കാസര്‍കോഡ് ജില്ലയിലെ ആയമ്പാറ ഗ്രാമം. ഇവിടെ ആരാധനാലയങ്ങള്‍ക്ക് നിര്‍മ്മിച്ചിരിക്കുന്ന കമാനങ്ങളാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍മ്മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ്.

ദേശീയപാത 66ന് അരികിലാണ് പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റേയും ബിലാല്‍ മസ്ജിദിന്റേയും പ്രവേശനകവാടം. മുമ്പും ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും ഒരേ ഗേറ്റാണ് ഉണ്ടായിരുന്നത്.

ഇതിനിടെ, കാലപ്പഴക്കത്തില്‍ ഗേറ്റ് നശിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുന്‍പോട്ട് വച്ചു. അത് പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിന്റെ പകുതി ക്ഷേത്രത്തിന്റെയും അടുത്ത പകുതി മസ്ജിദിന്റെയുമാക്കി പണിയാം എന്ന്. കമാനം ഇരിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനല്‍കിയതോടെ നിര്‍മ്മാണക്കമ്മിറ്റി രൂപീകരിച്ചു.

അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു. 2019 ഓഗസ്റ്റിലാണ് പണി തുടങ്ങിയതെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം നിര്‍മാണ പ്രവര്‍ത്തികള്‍ നീണ്ടുപോയി.

വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ എന്നാണ് നാട്ടുകാര്‍പറയുന്നത്.

Next Story

RELATED STORIES

Share it