Sub Lead

ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്ത് കപ്പല്‍ വന്ന കാലം മറന്നെന്ന് എവി അഷ്‌കെനാസി

ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്ത് കപ്പല്‍ വന്ന കാലം മറന്നെന്ന് എവി അഷ്‌കെനാസി
X

തെല്‍അവീവ്: ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്ത് കപ്പല്‍ വന്ന കാലം മറന്നെന്ന് ഹീബ്രു പത്രമായ മാരീവിലെ സൈനികകാര്യ വിദഗ്ദനായ എവി അഷ്‌കെനാസി. ഗസയിലെ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യെമനിലെ അന്‍സാറുല്ല ഏര്‍പ്പെടുത്തിയ കടല്‍ ഉപരോധമാണ് എയ്‌ലാത്ത് തുറമുഖത്തെ ഓര്‍മയാക്കി മാറ്റിയതെന്ന് എവി അഷ്‌കെനാസി ചൂണ്ടിക്കാട്ടി. യെമനില്‍ നിന്നും ഗസയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി നിരവധി വിമാനക്കമ്പനികള്‍ ഇസ്രായേലിലേക്ക് സര്‍വീസ് നടത്തുന്നില്ല. യൂറോപ്പില്‍ നിന്നും മറ്റുമുള്ള വിദേശ വിനോദസഞ്ചാരികള്‍ വരുന്നില്ല. വിദേശത്ത് നിന്നുള്ള കലാകാരന്‍മാര്‍ ഇസ്രായേലിനെ ഉപേക്ഷിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള ഉപരോധങ്ങള്‍ ഇസ്രായേലി സൈനിക വ്യവസായത്തെ വലിയ പ്രതിസന്ധിയിലാക്കിയെന്നും എവി അഷ്‌കെനാസിയുടെ ലേഖനം പറയുന്നു. ഇസ്രായേലി സൈനിക വ്യവസായ കമ്പനികള്‍ പലതരം ആയുധങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അവരുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. വെറും 30 ശതമാനം മാത്രമാണ് ഇസ്രായേലി സൈന്യം വാങ്ങുന്നത്. കുറച്ചുകാലം മുമ്പ് ഇസ്രായേലി സൈനിക വ്യവസായികളുടെ പ്രതിനിധി സംഘം ബെഞ്ചമിന്‍ നെതന്യാഹുവിനെ സന്ദര്‍ശിച്ചതായി എവി അഷ്‌കെനാസി വെളിപ്പെടുത്തി. ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ ഇസ്രായേലി സൈനിക കമ്പനികളുടെ മൂല്യം കൂട്ടിയെന്നാണ് വ്യവസായികള്‍ അവകാശപ്പെട്ടത്. അതായത്, ഇസ്രായേലി സൈനിക കമ്പനികള്‍ യുഎസിലെ സൈനിക കമ്പനികള്‍ക്കൊപ്പം എത്തിയെന്നും യൂറോപിലെ കമ്പനികളെ പിന്നിലാക്കിയെന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍, ഫലസ്തീന് അനുകൂലമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങള്‍ മൂലം യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലി ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറല്ലെന്നും അവര്‍ നെതന്യാഹുവിനെ അറിയിച്ചു. നിലവില്‍ ഇസ്രായേലി സൈന്യത്തിന് വേണ്ട ആയുധങ്ങളില്‍ 80 ശതമാനവും യുഎസില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ബാക്കി യൂറോപ്പില്‍ നിന്നും സംഘടിപ്പിക്കുന്നു. അതായത്, നിരീക്ഷണവിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, കപ്പലുകള്‍, പ്രതിരോധ സംവിധാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എല്ലാം വിദേശത്തുനിന്നാണ് എത്തുന്നത്. യൂറോപ്പില്‍ നിന്ന് ആയുധങ്ങളും സ്‌പെയര്‍പാര്‍ട്‌സുകളും ലഭിച്ചില്ലെങ്കില്‍ ഇസ്രായേലിന് യുഎസിനെ കൂടുതലായി ആശ്രയിക്കാം. പക്ഷേ, ഇസ്രായേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍, 'അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ' സിദ്ധാന്തവുമായി നടക്കുന്ന ട്രംപ് ഭരണകൂടത്തിന് സാധിക്കില്ല. ഈ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ നിസഹകരണം ഇസ്രായേലി സൈനിക കമ്പനികളെ തകര്‍ക്കും. അതിനാല്‍, ഗസയിലെ അധിനിവേശം ഇസ്രായേലിന് ഗസയിലെ ചെലവ് മാത്രമല്ല ഉണ്ടാക്കുന്നതെന്ന് എവി അഷ്‌കെനാസി വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it