Sub Lead

വൈദികരുടെ പേരില്‍ പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ ശ്രമം; ജാഗ്രതാ നിര്‍ദേശവുമായി പാലാ രൂപത

പാലാ രൂപതയിലെ വൈദികര്‍ക്ക് ബിഷപ്പ് കഴിഞ്ഞ ദിവസം അയച്ച സര്‍ക്കുലറിലാണ് ജാഗ്രതാ നിര്‍ദേശം. അതേസമയം, സ്ഥലം മാറിപ്പോവുന്ന ചില വൈദികര്‍ നേരത്തെ ജോലിചെയ്ത ഇടവകകളിലെ പെണ്‍കുട്ടികളുമായി ഫോണിലും മറ്റും സമ്പര്‍ക്കം തുടരുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതാണ് പാലാ രൂപതയുടെ പുതിയ സര്‍ക്കുലറിന് പിന്നിലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വൈദികരുടെ പേരില്‍ പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ ശ്രമം; ജാഗ്രതാ നിര്‍ദേശവുമായി പാലാ രൂപത
X

പി സി അബ്ദുല്ല

കോട്ടയം: വൈദികരുടെ പേരില്‍ പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ ശ്രമമെന്ന് പാലാ രൂപത. വൈദികര്‍ ചമഞ്ഞ് വിശ്വാസികളെ കബളിപ്പിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘങ്ങള്‍ ഇടവകകള്‍ കേന്ദ്രീകരിച്ച് സജീവമാണെന്നും ഇവര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പ്. പാലാ രൂപതയിലെ വൈദികര്‍ക്ക് ബിഷപ്പ് കഴിഞ്ഞ ദിവസം അയച്ച സര്‍ക്കുലറിലാണ് ജാഗ്രതാ നിര്‍ദേശം. അതേസമയം, സ്ഥലം മാറിപ്പോവുന്ന ചില വൈദികര്‍ നേരത്തെ ജോലിചെയ്ത ഇടവകകളിലെ പെണ്‍കുട്ടികളുമായി ഫോണിലും മറ്റും സമ്പര്‍ക്കം തുടരുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതാണ് പാലാ രൂപതയുടെ പുതിയ സര്‍ക്കുലറിന് പിന്നിലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

സഭാ നേതൃത്വം 'ലൗ ജിഹാദ്' പോലുള്ള ഇല്ലാ വിവാദങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ ഇടവകകളില്‍ അരങ്ങേറുന്ന അധാര്‍മിക പ്രവണതകള്‍ കാണാതെ പോവുകയാണെന്ന് സഭയ്ക്കുള്ളിലെ തന്നെ ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത്തരം ആക്ഷേപങ്ങള്‍ സാധൂകരിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വൈദികരുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരേ പരസ്യമായ മുന്നറിയിപ്പ് നല്‍കാന്‍ പരിമിതിയുള്ളതിനാലാണ് വൈദികരുടെ പേരില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പാലാ രൂപത സര്‍ക്കുലര്‍ ഇറക്കിയതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

വൈദികരെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് ചില സംഘങ്ങള്‍ കെണിയൊരുക്കുന്നതെന്നാണ് പാലാ ബിഷപ്പ് വികാരിമാര്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നത്. അടുത്ത കാലത്ത് പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലര്‍ രംഗത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ വിവിധ തന്ത്രങ്ങളുമായി ചില സംഘങ്ങള്‍ രംഗത്തുണ്ട്. വൈദികര്‍ ചമഞ്ഞ് വിശ്വാസികളെ കബളിപ്പിച്ച് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരും വിവരങ്ങളും ചോര്‍ത്തിയെടുക്കുന്ന സംഘങ്ങളാണിവര്‍. വൈദികന്‍ എന്ന വ്യാജേന ഇടവകയില്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്ന, പ്രാദേശിക ജനപ്രതിനിധികള്‍ അടക്കമുള്ള സ്ത്രീകളെയാണ് തട്ടിപ്പുകാര്‍ ആദ്യം വിളിക്കുന്നത്.

ഞാന്‍ ഇവിടുത്തെ പഴയ വികാരി ആണെന്ന് പറഞ്ഞാണ് ഇവരെ ഫോണ്‍ വിളിക്കുന്നത്. എന്നിട്ട് അവര്‍ക്ക് സുപരിചിതനായ ഒരു പഴയ വികാരിയുടെ പേരും പറയും. ചിലരോട് താന്‍ ഇവിടുത്തെ പഴയ അസിസ്റ്റന്റ് വികാരി ആണെന്നും മനസ്സിലായില്ലേയെന്നും ചോദിക്കും. എന്നിട്ട് അവരെക്കൊണ്ട് ഏതെങ്കിലും ഒരു അച്ചന്റെ പേര് പറയിക്കുകയും ആ ആളാണ് താനെന്ന് സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്യും. ഇതിനു ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. താന്‍ ഇപ്പോള്‍ ജര്‍മനിയില്‍ അല്ലെങ്കില്‍ ഏതെങ്കിലും വിദേശ രാജ്യത്ത് പെട്ടെന്ന് ഏതാനും പേരോടൊപ്പം പഠനത്തിനായി പോന്നതാണെന്നും വിശ്വസിപ്പിക്കും.

നാളെ അത്യാവശ്യമായി ഒരു പേപ്പര്‍ അവതരിപ്പിക്കണമെന്നും അതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ യുവതികളായ ഏതാനും പെണ്‍കുട്ടികളുടെ പേരും ഫോണ്‍ നമ്പരും നല്‍കാനും ആവശ്യപ്പെടും. ഇത് ഉടന്‍ നല്‍കണമെന്നും അഞ്ച് മിനിറ്റിനുശേഷം താന്‍ അവരെ വിളിക്കുമെന്നും ഇക്കാര്യം അവരോടു പറയണമെന്നും നിര്‍ദേശിക്കും. സത്യസന്ധത, മാതൃപുത്രീ ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണെന്നും പറയും. വളരെ തിരക്കിട്ടായിരിക്കും ഈ സംസാരമൊക്കെ.

തനിക്കു പരിചയമുള്ള വൈദികന്റെ സ്വരം ഇതല്ലല്ലോ എന്നെങ്ങാനും ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ ജര്‍മനിയിലെ/ വിദേശ രാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദവ്യതിയാനമെന്ന് വിശ്വസിപ്പിക്കും. ഇങ്ങനെ കരസ്ഥമാക്കിയ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് ചില പെണ്‍കുട്ടികളെ വിളിക്കുകയും പിന്നീട് സംസാരം മറ്റു വഴിക്കു തിരിയുകയും ചെയ്തതോടെയാണ് ഇത് ആസൂത്രിതമായ കെണിയാണെന്നു വ്യക്തമായത്. വൈദികര്‍ എന്ന വ്യാജേന വിളിക്കുന്ന ഗൂഢസംഘങ്ങളുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് പാലാ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.

Next Story

RELATED STORIES

Share it