Sub Lead

അട്ടപ്പാടി മധു കൊലക്കേസ്:ഇരുപതാം സാക്ഷിയും മൊഴിമാറ്റി

ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി

അട്ടപ്പാടി മധു കൊലക്കേസ്:ഇരുപതാം സാക്ഷിയും മൊഴിമാറ്റി
X
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറ്റം തുടര്‍ക്കഥയാകുന്നു. ഇരുപതാം സാക്ഷിയും കൂറുമാറി.ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി.സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്.

ഇരുപതാം സാക്ഷിയായാ മരുതന്‍ എന്ന മയ്യനാണ് കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. കേസില്‍ പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിസ്താരങ്ങള്‍ക്കിടെ 19ാം സാക്ഷി കക്കിയും,17ാം സാക്ഷി ജോളി, 18ാം സാക്ഷി കാളി മൂപ്പന്‍ എന്നിവരും പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു.കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലെ അബ്ദുല്‍ റസ്സാഖിനെയും വനം വകുപ്പ് വാച്ചര്‍ അനില്‍കുമാറിനെയും പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്. അതേസമയം, മധു വധക്കേസില്‍ കൂറുമാറിയവര്‍ക്കെതിരേ മധുവിന്റെ അമ്മ മല്ലി കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് മല്ലി ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലാണ് മല്ലി പരാതി നല്‍കിയത്.

അതേസമയം മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശം പ്രകാരമാണ് നടപടി. മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും.

Next Story

RELATED STORIES

Share it