ഒത്തുകളി കൂടുതല്‍ വ്യക്തമാവുന്നു; അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നത് നിസാരപരിക്കെന്ന് ഡോക്ടര്‍മാരുടെ മൊഴി

അപകടത്തിന് ശേഷം കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി കെയര്‍ വിഭാഗത്തില്‍ മൂന്നാം തീയതി പുലര്‍ച്ചെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രധാന ഡോക്ടറേയും അസിസ്റ്റന്റിനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ഒത്തുകളി കൂടുതല്‍ വ്യക്തമാവുന്നു;  അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നത് നിസാരപരിക്കെന്ന് ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം കിംസ് ആശുപത്രിയിലെത്തിയ ശ്രീറാം വെങ്കിട്ടരാമന് നിസാരപരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കിംസ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. അപകടത്തിന് ശേഷം കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി കെയര്‍ വിഭാഗത്തില്‍ മൂന്നാം തീയതി പുലര്‍ച്ചെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രധാന ഡോക്ടറേയും അസിസ്റ്റന്റിനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ആശുപത്രിയില്‍ വന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികില്‍സ മാത്രമാണ് നല്‍കിയതെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. കൈക്ക് മാത്രമാണ് അന്ന് നിസാരപരുക്കുണ്ടായിരുന്നത്. ശ്രീറാം വെങ്കിട്ടരാമന് ഗുരുതര അസുഖമുണ്ടെന്ന വാദങ്ങളെ തളളുന്നതാണ് ഡോക്ടര്‍മാരുടെ മൊഴി.

അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയിലെരക്തപരിശോധന ഒഴിവാക്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ കിംസ് ആശുപത്രിയിലേക്കാണ് പോയത്. ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധനക്ക് വിധേയനാക്കാതെ രക്ഷപ്പെടാന്‍ അനുവദിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മ്യൂസിയം എസ് ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കിംസ് ആശുപത്രിയില്‍ കഴിയവേയാണ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് ചെയ്തതും. ഇതേത്തുടര്‍ന്നാണ് നിസാര പരുക്കുകള്‍ മാത്രമുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഗുരുതര രോഗമുണ്ടെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ വന്നത്.

റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് കാട്ടി മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെയും സെല്ലില്‍ പ്രവേശിക്കാതെ ട്രോമാ കെയര്‍ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ചോദ്യം ചെയ്യുന്നതാണ് കിംസ് ആശുപത്രിയെല ഡോക്ടര്‍മാരതുടര്‍ന്നാണ് ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യ(താത്കാലിക മറവി രോഗം) ആണെന്ന തരത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നിഗമനമെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ ഐ സിയുവിലും ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കിയിരുന്നു. ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്‌സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫക്കും പരിക്കുണ്ടായില്ല. സീറ്റ് ബല്‍റ്റ് ധരിച്ചിരുന്ന ഇരുവര്‍ക്കും എയര്‍ബാഗിന്റെ സംരക്ഷണവും ലഭിച്ചിരുന്നു. അപകടശേഷം കാറില്‍ നിന്നിറങ്ങി പരിക്കേറ്റ ബഷീറിനെ താങ്ങിയെടുത്തതും വഴിയാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചതും ശ്രീറാമായിരുന്നു. സംഭവം വിവാദമാകുകയും ശ്രീറാമിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെയാണ് ശ്രീറാമിന് ഗുരുതര പരുക്കുകളുണ്ടെന്ന വാദം ഉയര്‍ന്നു വന്നത്.

RELATED STORIES

Share it
Top