നിയമസഭാ സമ്മേളനം 31ന് ചേരും; കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തള്ളിയത് വിവാദമായതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാനായി 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം 2020 ഡിസംബര്‍ 31ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020 ഡിസംബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതീവ അടിയന്തിര പ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 23ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശ തള്ളുകയായിരുന്നു. കാര്‍ഷികരംഗവും കര്‍ഷക സമുഹവും നേരിടുന്ന ആശങ്കകളും പ്രശ്‌നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുകയാണ്. ദേശീയതലത്തില്‍ കാര്‍ഷികരംഗവും കര്‍ഷക സമൂഹവും ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ, രാജ്യത്തെ ഇതരഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ പൊതു താല്‍പ്പര്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യം സംസ്ഥാനനിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും. കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തിര പ്രശ്‌നമായിത്തന്നെ കണക്കാക്കുകയും ഇത് കാരണം നമ്മുടെസംസ്ഥാനം നേരിടാവുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തേണ്ടതും അനിവാര്യമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
സംസ്ഥാനത്തെ മുഴുവന്‍ തെരുവ് വിളക്കുകളും എല്‍ഇഡി ആക്കി മാറ്റുന്ന നിലാവ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. തെരുവുകള്‍ക്ക് നല്ല പ്രകാശം കിട്ടും എന്നതാണ് പദ്ധതിയുടെ സവിശേഷത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ 50 ശതമാനം കുറയും. കാരണം, എല്‍ഇഡി ബള്‍ബുകള്‍ക്ക് കുറഞ്ഞ ഊര്‍ജമേ ആവശ്യമുള്ളു. പരിസ്ഥിതിക്കും ഇത് ഗുണം ചെയ്യും. പരിപാലന ചെലവ് കുറവായിരിക്കും. മറ്റു ബള്‍ബുകളെക്കാള്‍ കൂടുതല്‍ കാലം എല്‍ഇഡി ബള്‍ബുകള്‍ നിലനില്‍ക്കും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണിത്. 296 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കിഫ്ബിയില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. തദ്ദേശ സ്ഥാപനങ്ങളുടെ വലുപ്പവും ആവശ്യവുമനുസരിച്ച് ലഭ്യമായ അഞ്ച് പാക്കേജുകളില്‍ ഒന്നോ അതിലധികമോ പാക്കേജുകള്‍ തിരഞ്ഞെടുക്കാം. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള സംയുക്ത സംരംഭമായ ഇഇഎസ്എല്‍ വഴിയാണ് കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങി സ്ഥാപിച്ചുകൊടുക്കും. ഇതിന്റെ പരിപാലനം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. വര്‍ഷം തോറും തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വരിസംഖ്യ അടയ്‌ക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബള്‍ബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി ഒന്നുമുതല്‍ തന്നെ ബള്‍ബുകള്‍ മാറ്റിത്തുടങ്ങും. അടുത്ത മൂന്ന് മാസത്തിനകം 8.5 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റി സ്ഥാപിക്കും. അതോടെ സംസ്ഥാനത്താകെ തെരുവുകളില്‍ കൂടുതല്‍ പ്രകാശം പരത്തുന്ന എല്‍ഇഡി ബള്‍ബുകളായിരിക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനകരമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 5065 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നവജീവന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അര്‍ഹരായവര്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയോടെ വായ്പ അനുവദിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്താനുള്ള ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 38.73 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തേ അനുവദിച്ച 961 കോടി രൂപയ്ക്ക് പുറമെയാണിത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ ചില പ്രവണതകള്‍ കാണിക്കുന്നുണ്ട്. ആക്റ്റീവ് രോഗികളുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച(ഡിസംബര്‍ 13) 59,438 എന്നുള്ളത് ഈ ഞായറാഴ്ച 61,604 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതല്‍ വര്‍ധിച്ചത് ആദ്യം തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലാണ്. അവസാനം തിരഞ്ഞെടുപ്പ് നടന്ന മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിതി നോക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ കുറവാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം ഉണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാന്‍.
അതുകൊണ്ട്, എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഉണ്ടായതു പോലുള്ള ഒരു കൊവിഡ് വ്യാപനം കേരളത്തില്‍ ഉണ്ടായതായി കണക്കുകള്‍ കാണിക്കുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് നല്ലൊരു ശതമാനം ആളുകളും ജാഗ്രത പുലര്‍ത്തിയതിന്റെ ഫലമായാണ് അതു സാധിച്ചത്. സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളോട് ജനങ്ങള്‍ സഹകരിച്ചതിന്റെ ഗുണഫലമാണിത്. എന്നിരുന്നാലും ചെറിയ തോതില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്.
ക്രിസ്തുമസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒരുങ്ങുന്ന ഒരു ഘട്ടം കൂടിയാണിത്. രോഗം പകരാത്ത വിധത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി, സാമൂഹിക അകലം പാലിച്ച് വേണം ഈ ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍. കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും മാസ്‌കുകള്‍ ധരിക്കാനും മറക്കാന്‍ പാടില്ല. നമ്മുടെ അശ്രദ്ധയുടെ ഫലമായി രോഗം പടര്‍ന്നുപിടിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ അതു തടയേണ്ട ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. പുതുവര്‍ഷം ഈ മഹാമാരിയില്‍നിന്നുള്ള വിടുതലിന്റേതാവുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്റെ സന്ദേശം 2021ല്‍ അര്‍ത്ഥവര്‍ത്താകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
Assembly on 31st; Agricultural law will be discussed
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര് അന്വേഷിച്ച കേസില് ദുരൂഹത; എലത്തൂര്...
10 Sep 2024 5:27 PM GMTആര്എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല് കൊലക്കേസ്: പിണറായി-ആര്എസ്എസ് ഡീല്...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില് അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്മാര്ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന് ഇന്ത്യ...
10 Sep 2024 3:22 PM GMT