Sub Lead

മുസ്‌ലിംകളെ പോലിസ് വെടിവച്ച് കൊന്നിട്ട് ഒരാഴ്ച; കുറ്റവാളികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അസം പോലിസ്

മുസ്‌ലിംകളെ പോലിസ് വെടിവച്ച് കൊന്നിട്ട് ഒരാഴ്ച; കുറ്റവാളികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അസം പോലിസ്
X

ഗുവാഹത്തി: അസമിലെ ധോല്‍പൂരില്‍ മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനെത്തിയ പോലിസ് 12 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ വെടിവച്ചുകൊന്ന ക്രൂരകൃത്യത്തിന് ഒരാഴ്ച തികയുന്നു. പോലിസ് നരനായാട്ടിനെതിരേ ലോകമെങ്ങും പ്രതിഷേധമുയരുമ്പോഴും കുറ്റവാളികള്‍ക്കെതിരേ ചെറുവിരലനക്കാന്‍ സംഘപരിവാര്‍ ഭരണകൂടവും പോലിസ് അധികാരികളും തയ്യാറാവുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പോലിസിന്റെ വെടിയേറ്റ് മുസ്‌ലിം സമുദായത്തില്‍പ്പെട്ട 12 കാരന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട കേസില്‍ ഇതുവരെയായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് വിമുഖത കാട്ടുകയാണ്.

അസമില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സാംസീര്‍ അലിയാണ് സിയാസറ്റ് ഡോട്ട് കോമിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചശേഷമാണ് പോലിസുകാര്‍ക്കെതിരേ കേസെടുക്കുകയോ അച്ചടക്ക നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുകയാണെന്ന് സാംസീര്‍ അലി പറയുന്നു. മൊയ്‌നുല്‍ ഹഖ്, ശെയ്ഖ് ഫരീദ് എന്നിവരാണ് പോലിസിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്.

12 വയസ്സുകാരനായ ഷെയ്ക്ക് ഫരീദിന്റെ പിതാവിനെ സാംസീര്‍ അലി സന്ദര്‍ശിച്ചു. ധോല്‍പൂരിലെ പ്രാദേശിക പോസ്‌റ്റോഫിസില്‍ ആധാര്‍ കാര്‍ഡ് എടുക്കാനാണ് മകന്‍ ധോല്‍പൂരിലേക്ക് പോയതെന്ന് ശെയ്ഖ് ഖലെക് അലി സാംസീറിനോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം മടങ്ങിവരുമ്പോള്‍ പോലിസ് ആക്രമിക്കുകയും നേരിട്ട് വെടിവയ്ക്കുകയും ചെയ്തു. വെടിയേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പിതാവ് പറഞ്ഞു. 'അദ്ദേഹം ഒരു ദരിദ്രനാണ്. 0.18 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് അദ്ദേഹം താമസിക്കുന്നത്.

അവിടെ അദ്ദേഹം നാല് ആണ്‍മക്കളോടും മരുമകളോടും ഒപ്പം താമസിക്കുന്നു. ഖാലെക്കിന് മറ്റ് വരുമാനമാര്‍ഗമൊന്നുമില്ല- സാംസീര്‍ അലി പറഞ്ഞു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന 12 വയസ്സുള്ള ശെയ്ഖ് ഫരീദിന്റെ കുടുംബത്തെ സഹായിക്കണമെന്ന് സിയാസറ്റ്.കോം എഡിറ്റര്‍ വായനക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി അക്കൗണ്ട് വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് അസമിലെ ദരാങ് ജില്ലയിലെ ധോല്‍പൂരിലാണ് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനെത്തിയ പോലിസ് സംഘം ഗ്രാമീണര്‍ക്കുനേരേ ആക്രമണം അഴിച്ചുവിട്ടത്.

പോലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയേറ്റ് നിലത്തു വീണയാളെ പോലിസ് വളഞ്ഞിട്ടു മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍പോയന്നുറപ്പാക്കിയ ശേഷമാണ് പോലിസ് ഇവിടെനിന്നു മാറിയത്. ഇതിനിടെ പോലിസ് നോക്കിനില്‍ക്കെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫര്‍ ചാടിച്ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it