Sub Lead

സിഎഎ വിരുദ്ധ പ്രവര്‍ത്തകനുമായി ബന്ധം ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ എന്‍ഐഎ ചോദ്യംചെയ്തു

2019 ഡിസംബറിനും ജനുവരിയ്ക്കുമിടയില്‍ അസമില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ബറൂവ റിപോര്‍ട്ട് ചെയ്തിരുന്നു

സിഎഎ വിരുദ്ധ പ്രവര്‍ത്തകനുമായി ബന്ധം ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ എന്‍ഐഎ ചോദ്യംചെയ്തു
X

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റ് അഖില്‍ ഗോഗോയിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമില്‍ മാധ്യമപ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐഎ) ചോദ്യം ചെയ്തു. മാധ്യമപ്രവര്‍ത്തകനായ മനീഷ് ജ്യോതി ബറുവയെയാണ് ഗുവാഹത്തി സോനാപൂരിലെ എന്‍ഐഎ ആസ്ഥാനത്ത് അഞ്ച് മണിക്കൂറോളം വ്യാഴാഴ്ച ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം അസമിലെ പൗരത്വ (ഭേദഗതി) നിയമത്തിനും സിഎഎയ്ക്കുമെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്ന ആക്റ്റിവിസ്റ്റ് അഖില്‍ ഗൊഗോയിയുമായി ബന്ധപ്പെട്ട കേസിന്റെ പേരിലാണ് അന്വേഷണം. ചോദ്യം ചെയ്യലിനു വേണ്ടി ഹാജരാവാന്‍ സമന്‍സ് നല്‍കിയിട്ടില്ലെന്നും ഫോണിലൂടെ വിളിച്ചുപറയുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്‍ മനീഷ് ജ്യോതി ബറുവ പറഞ്ഞു.എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഡി പി സിങ്ങാണ് ഫോണിലൂടെ വിളിച്ചത്. ആക്റ്റിവിസ്റ്റ് അഖില്‍ ഗോഗോയിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നായിരുന്നു ആവശ്യം.

ഔദ്യോഗിക സമന്‍സ് ആവശ്യപ്പെട്ടപ്പോള്‍ കൊറോണ വൈറസ് ലോക്ക് ഡൗണ്‍ കാരണം അയയ്ക്കാനാവില്ലെന്നും ഓഫിസിലെത്തിയാല്‍ കത്ത് തരുമെന്നും പറഞ്ഞു. എന്നാല്‍ സമന്‍സ് നല്‍കിയില്ലെന്ന് ബറുവ എന്‍ഡിടിവിയോട് പറഞ്ഞു. അഞ്ച് മണിക്കൂറോളം അവര്‍ എന്നെ ചോദ്യം ചെയ്തു. 80 ശതമാനം ചോദ്യങ്ങളും അഖില്‍ ഗോഗോയിയുമായി ബന്ധപ്പെട്ടതാണ്. ഗൊഗോയിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഗൊഗോയിക്ക് എവിടുന്നാണ് ഫണ്ട് ലഭിക്കുന്നത് എന്നതിനെ കുറിച്ച് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും ഗൊഗോയിയുമായി ഔപചാരിക ബന്ധം നിലനിര്‍ത്തുന്നയാളാണെന്നും ഞാന്‍ അവരോട് പറഞ്ഞതായും ബറുവ പറഞ്ഞു. അതേസമയം, അന്വേഷണ ഏജന്‍സി സാക്ഷിയെ വിളിപ്പിക്കുമ്പോള്‍ നോട്ടീസ് നല്‍കാറുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മാധ്യമപ്രവര്‍ത്തകനെ വിളിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും ഗൊഗോയിയുടെ അഭിഭാഷകന്‍ ശാന്തനു ബോര്‍ത്താകൂര്‍ പറഞ്ഞു.

ഗുവാഹത്തിയിലെ എന്‍ഐഎ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2019 ഡിസംബറിനും ജനുവരിയ്ക്കുമിടയില്‍ അസമില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ബറൂവ റിപോര്‍ട്ട് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഖില്‍ ഗൊഗോയിക്കെതിരേ എന്‍ഐഎയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിനു ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ഗുവാഹത്തി ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


Next Story

RELATED STORIES

Share it