Sub Lead

സിപിഎമ്മിന്റെ തിരുവാതിര ചിട്ടപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍: ഗുരുതര ആരോപണവുമായി അശോകന്‍ ചരുവില്‍

കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വിലാപയാത്ര നടക്കുന്നതിനിടെ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലെ പിണറായി സ്തുതിയെ ന്യായീകരിക്കാന്‍ നടത്തിയ വിശദീകരണത്തിലാണ് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഈ ഗുരുതരമായ പരാമര്‍ശം നടത്തിയത്.

സിപിഎമ്മിന്റെ തിരുവാതിര ചിട്ടപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍: ഗുരുതര ആരോപണവുമായി അശോകന്‍ ചരുവില്‍
X

കണ്ണൂര്‍: കൊവിഡ് അതിവ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവാദ മെഗാ തിരുവാതിര സംഘടിപ്പിച്ചത് ആര്‍എസ്എസ് ആണെന്ന ഗുരുതര ആരോപണവുമായി സിപിഎം പോഷക സംഘടനയായ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്.

കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വിലാപയാത്ര നടക്കുന്നതിനിടെ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലെ പിണറായി സ്തുതിയെ ന്യായീകരിക്കാന്‍ നടത്തിയ വിശദീകരണത്തിലാണ് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഈ ഗുരുതരമായ പരാമര്‍ശം നടത്തിയത്.

അത്യന്തം വികലമായ ആ പിണറായി സ്തുതിക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഇത് ചിട്ടപ്പെടുത്താന്‍ ആര്‍എസ്എസ് അനുഭാവിയായ ആളെ ഏല്‍പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. പിണറായി സ്തുതിയെ ന്യായീകരിക്കാന്‍ നടത്തിയ ഈ ശ്രമം പക്ഷെ, സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

മെഗാ തിരുവാതിര മൂന്ന് കാരണങ്ങളാല്‍ അവിവേകമായി പോയി എന്ന് പറഞ്ഞു അശോകന്‍ ചരുവില്‍, അതില്‍ ഒരു കാരണമായാണ് ആര്‍എസ്എസ് സാന്നിധ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. തിരുവാതിര വിവാദം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് സാഹിത്യകാരന്‍ കൂടിയായ അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. എന്നാല്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിടുന്നതായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തിരുവാതിരക്കളിയും പുരോഗമന പ്രസ്ഥാനങ്ങളും. സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിലെ പ്രാദേശിക സംഘാടകസമിതി സംഘടിപ്പിച്ച തിരുവാതിരക്കളി അവതരണം മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് അവിവേകമായത്. ഒന്ന് ഇടുക്കിയിലെ കോളജില്‍ കടന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊലചെയ്ത സഖാവ് ധീരജിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്ന സമയമായിരുന്നു അത്.

രണ്ട് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് നടത്തിയത് ശരിയല്ല. മൂന്ന് അത്യന്തം വികലമായ ഒരു സാഹിത്യമാണ് അതിന് ഉപയോഗിക്കപ്പെട്ടത്. ആര്‍എസ്എസ് അനുഭാവിയായ ഒരാളെ ആ കലാപരിപാടി ചിട്ടപ്പെടുത്താന്‍ ഏല്‍പിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതാണ്.

എന്നാല്‍ ഫ്യൂഡല്‍ കാലത്തിന്റെ സംഭാവനയാകയാല്‍ തിരുവാതിര എന്ന കലാരൂപത്തെ പുരോഗമന ജനാധിപത്യ വേദികളില്‍ അവതരിപ്പിച്ചു കൂടാ എന്ന വിമര്‍ശനത്തോട് യോജിക്കാനാവില്ല. ക്ലാസിക്കലും നാടോടിയുമായി ലഭിച്ച കലാരൂപങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. മോഹിനിയാട്ടവും ഭരതനാട്യവും കര്‍ണാടിക് സംഗീതവും ഉപേക്ഷിക്കാനാവുമോ? ഫ്യൂഡല്‍ അവിശിഷ്ടജീര്‍ണതകളോടുള്ള സമരം പ്രധാനമാണ്. പക്ഷേ അക്കാലത്തും കല നിര്‍മിച്ചത് ജനങ്ങളാണ് എന്നത് ഓര്‍ക്കണം. കല്ലുകടുക്കന്‍ അഴിച്ചെടുത്ത് കാരണവരെ പട്ടടയില്‍ വെക്കുക എന്ന നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. തിരുവാതിരക്കളി (കൈക്കൊട്ടിക്കളി എന്നപോലെ) തികച്ചും ജനകീയമായ കലാരൂപമാണ്. കാര്യമായ പഠനവും പരിശീലനവുമില്ലാതെ ആളുകള്‍ക്ക് പങ്കെടുക്കാം. പണിയെടുക്കുന്ന മനുഷ്യര്‍ വിശ്രമവേളകളില്‍ ഒത്തുകൂടി ചുവടുവെച്ച് നടത്തുന്ന ഇത്തരം നൃത്തരൂപങ്ങള്‍ എല്ലാ സമൂഹത്തിലുമുണ്ട്. കാണുന്നവരേക്കാളേറെ പങ്കെടുക്കുന്നവര്‍ക്ക് വലിയ മാനസിക ഉല്ലാസമാണ് ഈ കലാരൂപം നല്‍കുന്നത്.

തിരുവാതിരക്കളി സ്ത്രീ ശരീരത്തിന്റെ ആവിഷ്‌ക്കാരമാണ് എന്നതാണ് മറ്റൊരു വിമര്‍ശനം. അതില്‍ സംശയമില്ല. ഏതാണ്ട് എല്ലാ നൃത്തരൂപങ്ങളും ശരീരത്തിന്റെ ആവിഷ്‌ക്കാരങ്ങളാണ്. അതിന്റെ പേരിലാണ് മതപൗരോഹിത്യങ്ങള്‍ അവയെ വിലക്കുന്നത്. നൃത്തങ്ങളിലെ സര്‍ഗാത്മകമായ ലൈംഗീകത അസഹ്യമായി തോന്നുന്നവര്‍ അതു പോയി കാണാതിരിക്കുക എന്നല്ലാതെ എന്തു പറയാനാണ്. അശോകന്‍ ചരുവില്‍.

Next Story

RELATED STORIES

Share it