Sub Lead

അസദുദ്ദീന്‍ ഉവൈസി ബംഗാളിലെത്തി മുസ് ലിം നേതാക്കളുമായി ചര്‍ച്ച നടത്തി

അസദുദ്ദീന്‍ ഉവൈസി ബംഗാളിലെത്തി മുസ് ലിം നേതാക്കളുമായി ചര്‍ച്ച നടത്തി
X

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി മുസ് ലിം നേതാക്കളുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച ഹൂഗ്ലി ജില്ലയിലെ ഫുത്തുറ ഷെരീഫിലെത്തിയ ഉവൈസി പ്രമുഖ മുസ് ലിം നേതാവ് അബ്ബാസ് സിദ്ദിഖിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുമാണ് ചര്‍ച്ച നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് ഉവൈസി സംസ്ഥാനം സന്ദര്‍ശിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടസ്സമുന്നയിക്കുമെന്നതിനാല്‍ കൂടിക്കാഴ്ച രഹസ്യമായിരുന്നുവെന്നും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് അബ്ബാസ് സിദ്ദിഖിയെ കാണാന്‍ അദ്ദേഹം നേരെ ഹൂഗ്ലിയിലേക്ക് പോവുകയായിരുന്നുവെന്നും ഉച്ചയ്ക്കു ശേഷം ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും എഐഎംഐഎം സംസ്ഥാന സെക്രട്ടറി സമീറുല്‍ ഹസന്‍ പറഞ്ഞു. നേരത്തേ, സിദ്ദിഖിയുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്താന്‍ ഉവൈസി തീരുമാനിച്ചിരുന്നുവെങ്കിലും അവസാനം ബംഗാളിലേക്ക് നേരിട്ടെത്തുകയായിരുന്നു. ഫുതുറ ഷെരീഫില്‍ നിന്നുള്ള മതനേതാവായ സിദ്ദിഖി സംസ്ഥാന സര്‍ക്കാരിനെതിരേ നിരവധി വിഷയങ്ങളില്‍ രംഗത്തെത്തിയിരുന്നു. സ്വന്തമായി ഒരു ന്യൂനപക്ഷ സംഘടന രൂപീകരിക്കാനും അദ്ദേഹം പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബംഗാളിന്റെ അതിര്‍ത്തിയില്‍ അഞ്ച് സീറ്റുകള്‍ നേടിയ ഉവൈസി സീറ്റ് പങ്കിടല്‍ ഇടപാടിനെക്കുറിച്ച് സിദ്ദിഖിയുമായി ചര്‍ച്ച നടത്തിയതായാണു സൂചന.

അതേസമയം, ഉവൈസിയുടെ കൂടിക്കാഴ്ചയ്‌ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എഐഎംഐഎം ബിജെപിയുടെ സഹായി മാത്രമാണെന്നും ബംഗാളി സംസാരിക്കുന്നഇവിടുത്തെ മുസ്‌ലിംകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നും അബ്ബാസ് സിദ്ദിഖിയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഒരു ഫലവും ചെയ്യില്ലെന്നും ടിഎംസിയുടെ മുതിര്‍ന്ന നേതാവും പാര്‍ട്ടി എംപിയുമായ സൗഗാത റോയ് പറഞ്ഞു. ബംഗാളിലെ മുസ് ലിംകള്‍ മമത ബാനര്‍ജിക്ക് ഉറച്ച പിന്തുണ നല്‍കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 100-110 സീറ്റുകളില്‍ നിര്‍ണായക ഘടകമായ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തൃണമൂലിനെയാണു പിന്തുണയ്ക്കുന്നത്. അഖിലേന്ത്യാ മജ്‌ലിസെ ഇത്തഹാദുല്‍ മുസ്‌ലിമീ(എഐഎംഐഎം)ന്റെ രംഗപ്രവേശത്തോടെ സമവാക്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനത്തെ പ്രമുഖ മുസ്‌ലിം നേതാക്കള്‍ അവകാശപ്പെട്ടു. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം മുസ്‌ലിംകളുള്ള പശ്ചിമ ബംഗാള്‍ തന്റെ പാര്‍ട്ടിക്ക് ഫലഭൂയിഷ്ഠമായ മണ്ണായാണ് കാണുന്നതെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. 30 ശതമാനത്തില്‍ 24 ശതമാനമെങ്കിലും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കും.

Asaduddin Owaisi visits West Bengal, meets influential Muslim cleric to discuss state polls

Next Story

RELATED STORIES

Share it