Sub Lead

അഹ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്ക് അയ്ക്കും: കശ്മീരി യുവാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിപിന്‍ റാവത്തിനെതിരേ ഉവൈസി

ആള്‍ക്കൂട്ട കൊലപാതകികളെയും അവരുടെ രാഷ്ട്രീയ യജമാന്മാരെയും തീവ്രവാദത്തില്‍നിന്ന് ആരു പിന്തിരിപ്പിക്കുമെന്നും യോഗി ആദിത്യനാഥിനേയും പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന മീററ്റ് എംപിയെയും തീവ്രവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുമോയെന്നും അസമിലെ ബംഗാളി മുസ്‌ലിംകളുടെ പൗരത്വത്തെ എതിര്‍ക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

അഹ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്ക് അയ്ക്കും: കശ്മീരി യുവാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിപിന്‍ റാവത്തിനെതിരേ ഉവൈസി
X

ന്യൂഡല്‍ഹി: കേന്ദ്ര സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരേ രൂക്ഷവിമശനമുയര്‍ത്തി എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. സായുധ പോരാട്ടത്തില്‍ ആകൃഷ്ടരായ കശ്മീരി യുവാക്കളുമായി ബന്ധപ്പെട്ട് റാവത്ത് നടത്തിയ പ്രസ്താവനയ്‌ക്കെതിരേയാണ് ഉവൈസിയുടെ പ്രതികരണം.

കശ്മീരിലെ യുവാക്കളെ 'ഭീകര' വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുകയാണെങ്കില്‍ അഖ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്കാണ് അയക്കേണ്ടതെന്ന് ഉവൈസി ചോദിച്ചു. ആള്‍ക്കൂട്ട കൊലപാതകികളെയും അവരുടെ രാഷ്ട്രീയ യജമാന്മാരെയും തീവ്രവാദത്തില്‍നിന്ന് ആരു പിന്തിരിപ്പിക്കുമെന്നും യോഗി ആദിത്യനാഥിനേയും പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന മീററ്റ് എംപിയെയും തീവ്രവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുമോയെന്നും അസമിലെ ബംഗാളി മുസ്‌ലിംകളുടെ പൗരത്വത്തെ എതിര്‍ക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരാണ് നയം തീരുമാനിക്കുന്നതെന്നും അല്ലാതെ സൈനിക മേധാവിയല്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ 10നും 12നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും 'തീവ്രവാദ' ആശയങ്ങളില്‍ ആകൃഷ്ടരാണ്. അതിനാല്‍ 'തീവ്രവാദി'കളായ യുവാക്കളെ ക്യാംപുകളില്‍ പാര്‍പ്പിക്കണമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. സ്‌കൂളുകള്‍, മതപഠന കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് 'തീവ്രവാദ' ആശയങ്ങളില്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം നിലവില്‍ സജീവമാണ്. 'തീവ്രവാദ'ത്തിലേക്ക് തിരിയുന്നവരെ ഒറ്റപ്പെടുത്താന്‍ കാംപയിന്‍ ആരംഭിക്കണമെന്നും ഡല്‍ഹിയിലെ റെയ്‌സീന ഡയലോഗ് 2020 എന്ന പരിപാടിയില്‍ സംസാരിക്കവെ റാവത്ത് ആവശ്യപ്പെട്ടിരുന്നു. നേരത്തേ കരസേന മേധാവിയാരിക്കെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരേയും റാവത്ത് വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

Next Story

RELATED STORIES

Share it