Sub Lead

സ്രെബ്രനീച്ച മുസ്‌ലിം വംശഹത്യയ്ക്ക് 30 ആണ്ട്; സെബ്രനീച്ചയില്‍ നിന്നും പാഠം പഠിച്ചിരുന്നെങ്കില്‍ ഗസയില്‍ വംശഹത്യ നടക്കില്ലായിരുന്നു: ഇറാന്‍ വിദേശകാര്യമന്ത്രി(PHOTOS)

സ്രെബ്രനീച്ച മുസ്‌ലിം വംശഹത്യയ്ക്ക് 30 ആണ്ട്; സെബ്രനീച്ചയില്‍ നിന്നും പാഠം പഠിച്ചിരുന്നെങ്കില്‍ ഗസയില്‍ വംശഹത്യ നടക്കില്ലായിരുന്നു: ഇറാന്‍ വിദേശകാര്യമന്ത്രി(PHOTOS)
X

തെഹ്‌റാന്‍: ബോസ്‌നിയയിലെ സെബ്രനീച്ചയിലെ മുസ്‌ലിം കൂട്ടക്കൊലയില്‍ നിന്നും ലോകം പാഠം പഠിച്ചിരുന്നുവെങ്കില്‍ ഗസയില്‍ ഇന്ന് വംശഹത്യ നടക്കില്ലായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. 1995 ജൂലൈ 11നാണ് ബോസ്‌നിയയിലെ സെബ്രനീച്ചയില്‍ 8,000 മുസ്‌ലിംകളെ സെര്‍ബുകള്‍ കൂട്ടക്കൊല ചെയ്തത്. ജൂലൈ 11നെ സെബ്രനീച്ച വംശഹത്യാ ദിനമായി ആചരിക്കാന്‍ കഴിഞ്ഞവര്‍ഷം യുഎന്‍ വോട്ടു ചെയ്തിരുന്നതായി അബ്ബാസ് അരാഗ്ചി പറഞ്ഞു.

''ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പങ്കാളികളായവര്‍ക്കും മൗനം പാലിച്ചവര്‍ക്കും ഇത് നാണക്കേടിന്റെ ദിവസമാണ്. സെബ്രനീച്ചയുടെ പാഠങ്ങള്‍ ലോകം ശരിക്കും സ്വാംശീകരിച്ചിരുന്നെങ്കില്‍, ഇത്തവണ ഗസയില്‍ മുസ്‌ലിംകള്‍ക്കെതിരായ മറ്റൊരു വംശഹത്യയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കില്ലായിരുന്നു. ബോസ്‌നിയയിലും ഹെര്‍സഗോവിനയിലും ഫലസ്തീനിലും ആകട്ടെ, ഇറാന്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കും.''-അബ്ബാസ് അരാഗ്ചി പറഞ്ഞു.

1992 മുതല്‍ 1995 വരെയാണ് ബോസ്‌നിയ-ഹെര്‍സഗോവിനയില്‍ യുദ്ധം നടന്നത്. ബോസ്‌നിയന്‍ മുസ്‌ലിംകളെ സെര്‍ബുകളാണ് കൂട്ടക്കൊല ചെയ്തത്. ഇന്ന് സെബ്രനീച്ചയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. അടുത്തിടെ കണ്ടെത്തിയ ആറ് മൃതദേഹങ്ങളെ മറവ് ചെയ്തു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ഇമാമുമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



പ്രദേശത്ത് ഏകദേശം ആയിരം ബോസ്‌നിയന്‍ മുസ്‌ലിംകളും എത്തിയിരുന്നു. ജൊസേവ ഗ്രാമത്തില്‍ നിന്നും സെര്‍ബിയന്‍ സായുധസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി കൊന്ന സിനേത എന്ന യുവതിയേയും അവരുടെ ഒരു വയസുള്ള മകള്‍ അല്‍മേര പരഗഞ്ചിലയെയും ഇന്നാണ് മറവ് ചെയ്തത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയേയും മകളെയും മറവ് ചെയ്യുന്നത് ഭര്‍ത്താവ് ഹജ്‌റുദ്ദീന്‍ നോക്കി നിന്നു.



''അവര്‍ എവിടെയാണെന്ന് അറിയുന്നത് ഒരുതരം സമാധാനമാണ്.''-ഹജ്‌റുദ്ദീന്‍ പറഞ്ഞു. അയാളുടെ കുഴിഞ്ഞ കവിളുകളും ശ്രദ്ധ കേന്ദ്രീകരിക്കാത്ത നോട്ടവും സമാധാനമുള്ള ഒരു മനുഷ്യന്റെ നോട്ടം പോലെ തോന്നുന്നില്ല. ഹജ്‌റുദ്ദീന്റെ ഉമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുള്ള സെര്‍ബുകള്‍ മുസ്‌ലിംകളുടെ കണ്ണില്‍ നോക്കാതെ തങ്ങളുടെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മരിച്ചവരെ മറവ് ചെയ്തവരെ അവര്‍ കാണുന്നില്ല.

1995 ജൂലൈ 11ന് സെര്‍ബ് സൈന്യം ഐക്യരാഷ്ട്രസഭയുടെ സംരക്ഷിത താവളമെന്ന് കരുതപ്പെടുന്ന പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 8,000ത്തിലധികം ബോസ്‌നിയന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. രാജ്യത്തെ മറ്റുപ്രദേശങ്ങളിലെ മുസ്‌ലിം കൂട്ടക്കൊലകളില്‍ നിന്ന് വ്യത്യസ്തമായി സെബ്രനീച്ചയിലെ കൂട്ടക്കൊല ലോകം മുഴുവന്‍ ചര്‍ച്ചയായി. ഇന്ന് സെബ്രനീച്ച സര്‍പ്‌സ്‌ക റിപ്പബ്ലക്കിന്റെ അതിര്‍ത്തിയിലാണ്. 1995ല്‍ നവംബറില്‍ യുദ്ധം അവസാനിപ്പിച്ച ഡായടണ്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് സര്‍പ്‌സ്‌ക റിപ്പബ്ലിക്കുണ്ടായത്.

യുദ്ധത്തിനു ശേഷമുള്ള പൂര്‍ണ്ണ നിശബ്ദത അക്ഷരാര്‍ത്ഥത്തില്‍ വംശഹത്യ ആഘോഷിക്കുന്നതിലേക്ക് പരിണമിച്ചുവെന്ന് എഴുത്തുകാരനും നരവംശശാസ്ത്രജ്ഞനും റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറുമായ ഹാരിസ് ഹാലിലോവിച്ച് പറഞ്ഞു. ''ഇവിടെയും അവിടെയും സംഭവിക്കുന്ന ഒറ്റപ്പെട്ട വിദ്വേഷ പ്രസംഗമല്ല ഇത്. പൂര്‍ണ്ണമായും മുഖ്യധാരയിലാണ് വിദ്വേഷപ്രസംഗം നടക്കുന്നത്.''-ഹാരിസ് ഹാലിലോവിച്ച് പറയുന്നു.

മുസ്‌ലിം വംശഹത്യയെ ആഘോഷിക്കുന്ന സെര്‍ബിയന്‍ ഗാനങ്ങളെ കുറിച്ചുള്ള ഒരു പഠനം കഴിഞ്ഞവര്‍ഷം ഹാലിലോവിച്ച് പ്രസിദ്ധീകരിച്ചു. ''സെബ്രനീച്ച കൂട്ടക്കൊല മൂന്ന് തവണ ആവര്‍ത്തിക്കപ്പെടണം എന്ന് ഒരാള്‍ പാടി. ഫാറ്റോ നീ ശാന്തമായി ഉറങ്ങു, നിങ്ങളുടെ എല്ലാരെയും കൊന്നു. മുജോ ഗെയിറ്റിന് സമീപം തൂങ്ങിക്കിടക്കുകയാണ്. തുടങ്ങിയ വരികളും അതിലുണ്ടായിരുന്നു. അതിജീവിച്ച മുസ്‌ലിംകളുടെ പേരുകള്‍ ചുരുക്കിയാണ് അവര്‍ ഉപയോഗിച്ചത്. ''-ഹാലിലോവിച്ച് പറയുന്നു. ഇത്തരം പാട്ടുകള്‍ ജന്മദിന പാര്‍ട്ടികളും മറ്റും സെര്‍ബുകള്‍ പാടുന്നു.

വംശഹത്യയെ 'ക്രമീകരിച്ച ദുരന്തം' എന്നാണ് ബോസ്‌നിയന്‍ സെര്‍ബ് നേതാവായ മിലോറാദ് ഡോഡിക് വിളിച്ചത്. മരിച്ചവരില്‍ പലരും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് അയാള്‍ അവകാശപ്പെട്ടു.

''നമ്മുടെ മരിച്ചവരുടെ ശബ്ദങ്ങള്‍ മങ്ങിയിട്ടില്ല. അവര്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട്, നമ്മുടെ ചുറ്റുമുള്ള സംവിധാനങ്ങള്‍ വംശഹത്യ നടന്നില്ലെന്ന് പറയുമ്പോള്‍ നാം നിശബ്ദത പാലിക്കരുതെന്ന് അവര്‍ നമ്മോട് ആവശ്യപ്പെടുന്നു.''- വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ട അല്‍മാസ സാലിഹോവിക് പറഞ്ഞു. തന്റെ സഹോദരന്‍ അബ്ദുല്ലയുടെ മൃതദേഹം പലപ്പോഴായി പല കഷ്ണങ്ങളായാണ് ലഭിച്ചത്. അതിനാല്‍ തന്നെ പലതവണയായി അവ മറവ് ചെയ്യേണ്ടി വന്നു.

അല്‍മാസ

അല്‍മാസ


വംശഹത്യ ഒളിച്ചുവയ്ക്കാനായി സെര്‍ബുകള്‍ മൃതദേഹങ്ങള്‍ നിരവധി കുഴികള്‍ കുത്തി. യന്ത്രങ്ങള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കീറി മുറിച്ച് പലസ്ഥലത്തായാണ് കുഴിച്ചിട്ടത്. മരിച്ചവരെ തിരിച്ചറിയുന്നത് തടയലായിരുന്നു ലക്ഷ്യം. ഇത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ ഇപ്പോഴും ആശങ്കകള്‍ക്ക് കാരണമാവുന്നു.



ഗ്രെയ്റ്റര്‍ സെര്‍ബിയ എന്ന രാജ്യമുണ്ടാക്കാന്‍ സ്ലൊബോദാന്‍ മിലോസെവിക്കാണ് മുസ്‌ലിം ഗ്രാമങ്ങളും നഗരങ്ങളും ആദ്യം ആക്രമിച്ചത്.

സ്ലൊബോദാന്‍ മിലോസെവിക്ക് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍

സ്ലൊബോദാന്‍ മിലോസെവിക്ക് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍


ഹജ്‌റുദ്ദീന്റെ കുടുംബം അതിന്റെ ഇരകളാണ്. സെബ്രനീച്ചയെ അക്കാലത്ത് യുഎന്റെ സുരക്ഷിത താവളമായി പ്രഖ്യാപിച്ചിരുന്നു. ബോസ്‌നിയന്‍ സെര്‍ബ് ആര്‍മിയുടെ നേതാവായ ജനറല്‍ റാത്‌കോ മ്ലാദിക് ആണ് അവിടെ ആക്രമണം അഴിച്ചുവിട്ടത്.

ജനറല്‍ റാത്‌കോ മ്ലാദിക്

ജനറല്‍ റാത്‌കോ മ്ലാദിക്

ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തിന് കാവല്‍ നിന്നിരുന്ന ഡച്ച് യുഎന്‍ സൈന്യം സ്ഥലംവിട്ടു. സെബ്രനീച്ച മ്യൂസിയം പൂട്ടണമെന്ന് സെര്‍ബ് നേതാവായ മിലോറാദ് ഡോഡിക് പറഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ അത് പൂട്ടി. പിന്നീട് വീണ്ടും തുറന്നു.


വംശഹത്യയുടെ തെളിവുകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ മായ്ച്ചു കൊണ്ടിരിക്കുകയാണ്. വെടിയുണ്ടകളുടെ പാടുകളെല്ലാം സിമന്റ് ഇട്ട് അടയ്ക്കുന്നു. ഒക്ടോബറില്‍ പ്രദേശത്തിന്റെ പേര് ഗൂഗിള്‍ മാപ്പില്‍ റാത്‌കോ മ്ലാദിക് പാര്‍ക്ക് എന്നാക്കാനും ശ്രമം നടന്നു.

Next Story

RELATED STORIES

Share it