Sub Lead

ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം

ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
X

മക്ക: ഇന്ന് അറഫയിൽ തീർത്ഥാടക ലക്ഷങ്ങളുടെ മഹാസംഗമം. വിശ്വമാനവികതയുടെ വിളംബരമായി മാറുന്ന അറഫ മൈതാനിയിലെ മഹാസമ്മേളനം വിശുദ്ധ ഹജ്ജ് കർമത്തിൻ്റെ സുപ്രധാന ഭാഗമാണ്. ലോകത്തിൻ്റെ വിവിധദിക്കുകളിൽ നിന്നെത്തിയ 18 ലക്ഷത്തോളം വരുന്ന തീർത്ഥാടകർ അറഫ മൈതാനിയെ അക്ഷരാർഥത്തിൽ ഒരു പാൽക്കടലാക്കി മാറ്റും. ആത്മീയ നിർവൃതിയുടെ ഉച്ചകോടിയിൽ അറഫയിലെ മണൽത്തരികൾ പോലും ആനന്ദത്തിലാറാടും. അനേക ലക്ഷം വിശ്വാസികളുടെ ഹൃദയങ്ങൾ ദൈവസ്മരണയിൽ ആണ്ടിറങ്ങുകയും ചുണ്ടുകൾ ദൈവികമഹത്ത്വം ഉരുവിടുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ധന്യനിമിങ്ങൾക്ക് ഇന്ന് ചരിത്ര പ്രസിദ്ധമായ അറഫ മൈതാനത്തിൻ്റെ മണ്ണും വിണ്ണും സാക്ഷിയാകും. ഗസയിൽ പട്ടിണിയിലും ബോംബേറിലും പിടഞ്ഞു വീഴുന്ന വിശ്വാസി സഹോദരങ്ങൾക്കും ലോകമെമ്പാടുമുള്ള മർദ്ദിതസമൂഹത്തിനും വേണ്ടിയുള്ള ഉള്ളുരുകുന്ന പ്രാർഥനകൾ അറഫയുടെ അന്തരീക്ഷത്തിൽ അലിഞ്ഞുചേരും.

തീർത്ഥാടക പ്രവാഹത്താൽ അറഫയിലേക്കുള്ള വഴികൾ വെള്ളക്കടലൊഴുകുന്നതു പോലുള്ള മനോഹര ദൃശ്യം തീർക്കും. അറഫയിലെ സംഗമം ഹജ്ജിൻ്റെ സുപ്രധാന ഘടകമാണ്. പ്രവാചക മാതൃക പിൻപറ്റി നടത്തപ്പെടുന്ന അറഫ പ്രഭാഷണമാണ് അതിൽ പ്രധാനം. അറഫയോട് ചേർന്നുള്ള മസ്ജിദ് നമിറയാണ് അറഫ പ്രസംഗത്തിൻ്റെ വേദിയാവുക. ഈ പ്രഭാഷണത്തോടെ അറഫ സംഗമത്തിന് പ്രാരംഭമാവും. മസ്ജിദുൽ ഹറമിലെ ഇമാമായ ഡോ. സ്വാലിഹ് ബിൻ ഹുമൈദാണ് ഇത്തവണ പ്രഭാഷണം നിർവഹിക്കുക. തുടർന്ന് മധ്യാഹ്ന-സായാഹ്ന നമസ്കാരങ്ങൾ ജംഉം ഖസ്റുമാക്കി(രണ്ട് വീതം റകഅത്തുകളായി ചുരുക്കിയും കൂട്ടിച്ചേർത്തും)നിർവഹിക്കും. ഉച്ച മുതൽ സൂര്യാസ്തമയം വരെ തീർത്ഥാടകർ അറഫയിൽ നിലകൊള്ളും.

സൂര്യാസ്തമയശേഷം ഹാജിമാർ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. അവിടെയാണ് ഹാജിമാർ ഇന്ന് രാപാർക്കുക. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിൻ്റെ പരിച്ഛേദമാണ് ഇന്ന് അറഫയിലെ വിശ്വസംഗമത്തിൽ അണി ചേരുന്നത്.

Next Story

RELATED STORIES

Share it