Latest News

ഇന്ത്യ-യുഎഇ കൈക്കോര്‍ക്കുന്നു; രാജ്യത്ത് എഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കും

ഇന്ത്യ-യുഎഇ കൈക്കോര്‍ക്കുന്നു; രാജ്യത്ത് എഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കും
X

ദുബയ്: ഇന്ത്യയും യുഎഇയും ചേര്‍ന്ന് രാജ്യത്ത് അത്യാധുനിക എഐ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അബൂദബി ആസ്ഥാനമായ ജി42, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ സെറബ്രാസ്, ഇന്ത്യയുടെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സഡ് കമ്പ്യൂട്ടിങ് (സിഡാക്) എന്നിവര്‍ സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന എഐ ഇംപാക്ട് സമ്മിറ്റ് 2026ലാണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എട്ട് എക്‌സാഫ്‌ലോപ് ശേഷിയുള്ള ഈ സൂപ്പര്‍കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ എഐ മോഡലുകളുടെ പരിശീലനവും വിന്യാസവും ഗണ്യമായി വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വന്‍ ഡേറ്റാസെറ്റുകള്‍ കൈകാര്യം ചെയ്യാനും ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഇത് സഹായകരമാകും.

ഇന്ത്യ-യുഎഇ അഞ്ചാം സ്ട്രാറ്റജിക് ഡയലോഗിനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനും പിന്നാലെയാണ് പദ്ധതി പ്രഖ്യാപിച്ചത്. സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ സംരംഭം.

സൂപ്പര്‍കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ തന്നെ ഹോസ്റ്റ് ചെയ്യുകയും ഇന്ത്യന്‍ നിയമങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാ ഡേറ്റയും രാജ്യത്തിനകത്ത് സൂക്ഷിക്കുന്നതിനാല്‍ ഡേറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനാകും. രാജ്യത്തിന്റെ എഐ മിഷനെ ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിനും ഇത് നിര്‍ണായകമാകും. പദ്ധതി പ്രവര്‍ത്തനക്ഷമമായാല്‍ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിടഇടത്തരം സംരംഭങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കും. 2025 ഡിസംബറില്‍ ജി42യും മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്.ല്‍ ഇന്റലിജന്‍സും ചേര്‍ന്ന് പുറത്തിറക്കിയ 'നന്ദ 87ബി' എന്ന 87 ബില്യണ്‍ പാരാമീറ്ററുകളുള്ള ഹിന്ദിഇംഗ്ലീഷ് ഓപ്പണ്‍ സോഴ്‌സ് ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ തുടര്‍ച്ചയായാണ് പുതിയ സംരംഭം വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായ ഇന്ത്യയില്‍ എഐ രംഗത്തെ സ്വയംപര്യാപ്തതയും ആഗോള മല്‍സരക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഈ സൂപ്പര്‍കമ്പ്യൂട്ടര്‍ നിര്‍ണായക കരുത്താകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it