Sub Lead

മുലായം സിങ്ങിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു

മുലായം സിങ്ങിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകളും അഖിലേഷിന്റെ ഇളയസഹോദരന്‍ പ്രതീകിന്റെ ഭാര്യയുമായ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച രാവിലെ അപര്‍ണാ യാദവ് ലഖ്‌നോവിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കുകയായിരുന്നു. അപര്‍ണയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത ബിജെപി നേതാക്കള്‍, അവരെ 'മുലായം സിങ്ങിന്റെ (മരുമകള്‍)' എന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍നിന്നാണ് എനിക്ക് എന്നും പ്രചോദനമെന്ന് ബിജെപി ഷാള്‍ ധരിച്ച് അപര്‍ണാ യാദവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വലിയ രീതിയില്‍ പ്രചോദിപ്പിച്ചെന്നും രാജ്യത്തിനുവേണ്ടി ബിജെപിയെ എല്ലാവരും തിരഞ്ഞെടുക്കണമെന്നും അപര്‍ണ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ രാജ്യത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ പദ്ധതികള്‍ എന്നില്‍ എന്നും മതിപ്പുളവാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ കഴിയാവുന്നത്ര കാര്യങ്ങള്‍ ഞാന്‍ ചെയ്യും- അപര്‍ണ കൂട്ടിച്ചേര്‍ത്തു. 2017 ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് എസ്പിക്കായി മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

ലഖ്‌നോ കന്റ് സീറ്റില്‍നിന്ന് മല്‍സരിച്ച അപര്‍ണ, ബിജെപിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്. അടുത്തിടെ, ബിജെപിയില്‍നിന്ന് പത്തിലധികം എംഎല്‍എമാരും രണ്ട് മന്ത്രിമാരും രാജിവച്ച് എസ്പിയിലേക്ക് പോയത് ബിജെപിക്ക് വലിയ ക്ഷീണം വരുത്തിയിരുന്നു. ഇതിന് മറുപടിയായാണ് അപര്‍ണാ യാദവിന്റെ പാര്‍ട്ടി പ്രവേശനത്തെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.

അതേസമയം, യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മല്‍സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍ അഖിലേഷ് മല്‍സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഖിലേഷ് മല്‍സരിച്ചാല്‍ നിയമസഭയിലേക്കുള്ള അദ്ദേഹത്തിന്റെ കന്നി മല്‍സരമായിരിക്കും ഇത്. അഖിലേഷ് ലഖ്‌നോവില്‍നിന്നോ, അതുമല്ലെങ്കില്‍ ഒന്നിലേറെ സീറ്റുകളിലോ മല്‍സരിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it