Sub Lead

യുപിയിലെ 'ലൗ ജിഹാദ്' നിയമം: മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് പോലിസ്

ഡിസംബര്‍ ഒന്നിന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ഹിന്ദു യുവതി നല്‍കിയ പരാതിയില്‍ 24 കാരനായ ടാക്‌സി ഡ്രൈവര്‍ അബ്‌റാര്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരെ പോലിസ് മതപരിവര്‍ത്തന നിയമപ്രകാരം കേസെടുത്തത്.

യുപിയിലെ ലൗ ജിഹാദ് നിയമം: മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് പോലിസ്
X

ലക്‌നൗ: ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു യുവതി മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം നല്‍കിയ പരാതി കെട്ടിച്ചമച്ചതെന്ന് ബറേലി പോലിസ്. ഡിസംബര്‍ ഒന്നിന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ഹിന്ദു യുവതി നല്‍കിയ പരാതിയില്‍ 24 കാരനായ ടാക്‌സി ഡ്രൈവര്‍ അബ്‌റാര്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരെ പോലിസ് മതപരിവര്‍ത്തന നിയമപ്രകാരം കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായെന്ന് പോലിസ് പറഞ്ഞു.

അടുത്തിടെ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച 24കാരി ജനുവരി ഒന്നിനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. വിവാഹിതയാകുന്നതിന് മുമ്പ് ഡിസംബര്‍ ഒന്നിന് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഫരീദ്പൂര്‍ പ്രദേശത്തെ ഒരു ക്രോസിങില്‍ വച്ച് അബ്‌റാര്‍ തടഞ്ഞുനിര്‍ത്തുകയും ഇരുചക്രവാഹനത്തില്‍ നിന്ന് താഴെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചെന്നും പ്രദേശവാസികള്‍ ഇടപെട്ടതോടെ മറ്റു രണ്ടു പേരുടെസഹായത്തോടെ ഇയാള്‍ രക്ഷപ്പെട്ടെന്നുമായിരുന്നു യുവതിയുടെ പരാതി.

ഇസ്‌ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിക്കാന്‍ അബ്‌റാര്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പ്രകാരം അബ്‌റാര്‍, സഹോദരന്‍ മൈസൂര്‍, സുഹൃത്ത് ഇസ്‌റാര്‍ എന്നിവര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

അബ്‌റാര്‍ തന്നെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് സംഭവം പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാസത്തെ സമയമെടുത്തെന്നും യുവതി പറഞ്ഞിരുന്നു.

മാതാപിതാക്കളെ നഷ്ടപ്പെട്ട യുവതി അമ്മാവന്റെ കൂടെയാണ് താമസിച്ചിരുന്നത്. അബ്‌റാറും ഇവിടെ തന്നെയാണ് താമസം.അതേസമയം, ഡിസംബര്‍ ഒന്നിന് അബ്‌റാര്‍, ബ്രാര്‍, മൈസൂര്‍, ഇസ്രാര്‍ എന്നീ മൂന്ന് പേര്‍ ഫരീദ്പൂര്‍ പ്രദേശത്ത് ഇല്ലായിരുന്നുവെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം നടന്ന ദിവസം പ്രതികള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. പോലിസ് ശേഖരിച്ച തെളിവുകള്‍ പ്രകാരം മൂന്ന് പുരുഷന്മാര്‍ക്കെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ്. അബ്‌റാറിനും മറ്റു രണ്ടു പേര്‍ക്കുമെതിരായ മറ്റു ആരോപണങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണെന്നും സീനിയര്‍ പോലിസ് സൂപ്രണ്ട് (ബറേലി) രോഹിത് സിംഗ് സജ്‌വാന്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ യുവതിയെ കാണാതായിരുന്നു. ഇവരെ അബ്‌റാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അമ്മാവന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം അബ്‌റാറിനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ടാഴ്ചയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതി താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഡല്‍ഹിയില്‍ പോയതെന്ന് മൊഴി നല്‍കിയിരുന്നു. അബ്‌റാറിനൊപ്പം 14 ദിവസം താമസിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെ ഡിസംബര്‍ 11ന് അമ്മാവന്‍ യുവതിയെ നിര്‍ബന്ധപൂര്‍വ്വം മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അബ്‌റാറിനെതിരേ പരാതി നല്‍കുകയായിരുന്നു.കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it