Sub Lead

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; അഞ്ച് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; അഞ്ച് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

ചെന്നൈ: തമിഴ്‌നാട്ടില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തിരുവല്ലൂര്‍ സ്വദേശിയായ രാജശേഖര്‍ (33) ആണ് മരിച്ചത്. പോലിസ് രാജശേഖറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അഞ്ച് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. കസ്റ്റഡി മരണത്തില്‍ സിബിസിഐഡി അന്വേഷണം തുടങ്ങി. രണ്ടുമാസത്തിനിടയില്‍ ചെന്നൈയിലെ രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജ്വല്ലറി മോഷണക്കേസുമായി ബന്ധപ്പെട്ട് അപ്പു എന്നറിയപ്പെടുന്ന എസ് രാജശേഖറിനെ കൊടുങ്ങയ്യൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

ഷോളവാരം പോലിസ് 'ബി കാറ്റഗറി' ഹിസ്റ്ററി ഷീറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജശേഖറിനെതിരേ 30 ഓളം ക്രിമിനല്‍ കേസുകളാണ് ചുമത്തിയിരുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നുമാണ് പോലിസിന്റെ വിശദീകരണം. മോഷണം പോയ സ്വര്‍ണാഭരണങ്ങളെക്കുറിച്ചും ഇയാളില്‍ നിന്ന് കുറച്ച് സ്വര്‍ണം കണ്ടെടുത്തതിനെക്കുറിച്ചും പോലിസ് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് റിപോര്‍ട്ടുകള്‍. ആരോഗ്യനില മെച്ചപ്പെട്ട ശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു.

വീണ്ടും ഇയാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചെന്നും പോലിസ് പറയുന്നു. മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇയാളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന അഞ്ച് പോലിസുകാരെയാണ് ചെന്നൈ പോലിസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. കൊടങ്ങയ്യൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) ജോര്‍ജ് മില്ലര്‍ പൊന്‍രാജ്, സബ് ഇന്‍സ്‌പെക്ടര്‍ കണ്ണിയപ്പന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജയ്‌ശേഖര്‍, മണിവണ്ണന്‍, കോണ്‍സ്റ്റബിള്‍ സത്യമൂര്‍ത്തി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

അതിനിടെ, രാജശേഖറിന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയില്‍ തടിച്ചുകൂടിയ ബന്ധുക്കള്‍ കസ്റ്റഡി മരണമാണെന്ന് ആരോപിച്ചു. രണ്ടുദിവസം മുമ്പ് ഇയാളെ പിടികൂടി നിയമവിരുദ്ധമായി പോലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആരോഗ്യപ്രശ്‌നങ്ങളും സങ്കീര്‍ണതകളുമുള്ളതിനാല്‍ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നാണ് പോലിസ് പറയുന്നത്.

ചെന്നൈയെ പിടിച്ചുകുലുക്കിയ 25 കാരനായ വിഘ്‌നേഷിന്റെ കസ്റ്റഡി മരണം രണ്ട് മാസത്തിന് ശേഷമാണ് ഈ സംഭവം. ഏപ്രിലില്‍ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അറസ്റ്റിലായ വിഗ്‌നേഷും (25) പോലിസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇയാളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് പോലിസുകാര്‍ അറസ്റ്റിലായിരുന്നു.

Next Story

RELATED STORIES

Share it