Sub Lead

ബാബരി ദിനം: നീതിക്കായി ഒന്നിച്ച് പോരാടണമെന്ന് പോപുലര്‍ഫ്രണ്ട്

വിഘടിച്ചു നിന്ന് കൊണ്ടുള്ള ശ്രമങ്ങളല്ല, അനീതിയുടെ ഇരകള്‍ക്കുവേണ്ടിയുള്ള ഐക്യ ശ്രമം മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ എന്ന ശക്തമായ നിലപാടാണ് പോപുലര്‍ ഫ്രണ്ടിന് ഉള്ളതെന്നും ജിന്ന പ്രസ്താവനയില്‍ പറഞ്ഞു.

ബാബരി ദിനം:  നീതിക്കായി ഒന്നിച്ച് പോരാടണമെന്ന് പോപുലര്‍ഫ്രണ്ട്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ സജീവമാക്കി നീതിക്കായി ഒന്നിച്ച് പോരാടണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന. ബാബരി മസ്ജിദ് ഹിന്ദുത്വ ശക്തികള്‍ തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് കീഴില്‍ എല്ലാ മുസ് ലിം സംഘടനകളും നേതാക്കളും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് പൊളിച്ച് 27 വര്‍ഷം പിന്നിട്ടിരിക്കുന്നു. നവംബര്‍ 9 ന് പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ വിധി ഈ വര്‍ഷത്തെ അനുസ്മരണത്തെ കൂടുതല്‍ നിര്‍ണായകമാക്കുന്നു. മസ്ജിദ് പണിയുന്നതിനായി ഒരു ക്ഷേത്രവും തകര്‍ത്തിട്ടില്ലെന്നും 1949 ല്‍ വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബര്‍ 6 ന് മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയെങ്കിലും കോടതി ഏകപക്ഷീയമായി രാമക്ഷേത്രം പണിയുന്നതിനായി ഹിന്ദുക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഈ വിധി ഫലത്തില്‍ ബാബരി മസ്ജിദിനെതിരായ ഭീകരാക്രമണത്തെ നിയമവിധേയമാക്കുകയാണ്. അത്തരം ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ അവകാശവാദമുന്നയിക്കാനും ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനും പ്രോല്‍സാഹനം നല്‍കുന്നതാണ് വിധി.

പൊളിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കില്‍, കുറ്റവാളികള്‍ എന്തുകൊണ്ടാണ് സ്വതന്ത്രമായി വിഹരിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. മസ്ജിദ് പൊളിച്ചുനീക്കാന്‍ നേതൃത്വം നല്‍കിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍, മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രനിര്‍മ്മാണത്തിന് സുപ്രീം കോടതി വിധി വന്നതിനുശേഷവും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നത് രാജ്യത്തിന് നാണക്കേടാണ്.

ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുക എന്നതാണ് ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ആദ്യപടിയെന്ന് മുഹമ്മദ് അലി ജിന്ന പറഞ്ഞു. വിവിധ പരിപാടികളിലൂടെ ബാബറി മസ്ജിദിന്റെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസ്സില്‍ നിലനിര്‍ത്തും. നീതിക്കായി പോരാടുന്ന എല്ലാ വിഭാഗങ്ങളുമായും പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

ബാബരി ദിനത്തിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചാരണം, ഹാന്‍ഡ്ബില്‍ വിതരണം, വിവിധ സംസ്ഥാനങ്ങളിലെ വീട് സന്ദര്‍ശനങ്ങള്‍ തുടങ്ങി വരും ദിവസങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഇക്കാര്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹരജി സമര്‍പ്പിക്കാനുള്ള പദ്ധതിയുമായി മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ചിലര്‍ അതിന് തുരങ്കം വയ്ക്കുകയാണ്. വിഘടിച്ചു നിന്ന് കൊണ്ടുള്ള ശ്രമങ്ങളല്ല, അനീതിയുടെ ഇരകള്‍ക്കുവേണ്ടിയുള്ള ഐക്യ ശ്രമം മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ എന്ന ശക്തമായ നിലപാടാണ് പോപുലര്‍ ഫ്രണ്ടിന് ഉള്ളതെന്നും ജിന്ന പ്രസ്താവനയില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവന്റെ നേതൃത്വത്തിലുള്ള നിയമസംഘം സുപ്രീം കോടതിയില്‍ കേസ് നേരിടാന്‍ നടത്തിയ ശ്രമങ്ങളെ മുഹമ്മദ് അലി ജിന്ന അഭിനന്ദിച്ചു.




Next Story

RELATED STORIES

Share it