റഫേല്‍ കരാര്‍ അനില്‍ അംബാനി നേരത്തേയറിഞ്ഞു, മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി; പുതിയ തെളിവ് പുറത്തുവിട്ട് രാഹുല്‍

ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഇമെയില്‍ സന്ദേശമാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഫ്രഞ്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ സമയത്ത് പ്രധാനമന്ത്രിയുമായുള്ള ധാരണാപത്രത്തെ കുറിച്ച് അനില്‍ അംബാനി പറഞ്ഞെന്നാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം.

റഫേല്‍ കരാര്‍ അനില്‍ അംബാനി നേരത്തേയറിഞ്ഞു,  മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി;  പുതിയ തെളിവ് പുറത്തുവിട്ട് രാഹുല്‍

ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ കരാറിനെക്കുറിച്ച് അനില്‍ അംബാനി നേരത്തേയറിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്നും രാഹുല്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഇമെയില്‍ സന്ദേശമാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഫ്രഞ്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ സമയത്ത് പ്രധാനമന്ത്രിയുമായുള്ള ധാരണാപത്രത്തെ കുറിച്ച് അനില്‍ അംബാനി പറഞ്ഞെന്നാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം.

ഫ്രഞ്ച് സര്‍ക്കാരും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തെ കുറിച്ച് ഫ്രാന്‍സും ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവും അറിയുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം അറിയാവുന്ന ഒരു കാര്യം എങ്ങനെയാണ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞെന്നും രാഹല്‍ ഗാന്ധി ചോദിച്ചു.ഇതിലൂടെ മോദി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും, അനില്‍ അംബാനിയുടെ ഇടനിലക്കാരാനായാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് കേവലം അഴിമതിയുടെ കാര്യം മാത്രമല്ലെന്നും രാജ്യ സുരക്ഷയുടെ കാര്യമാണെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നടത്തിയത് രാജ്യദ്രോഹമാണ്. പ്രതിരോധ മേഖലയെ സംബന്ധിച്ച വിഷയം മറ്റൊരാളെ അറിയിച്ചതിലൂടെ ചാരവൃത്തിയാണ് അദ്ദേഹം നടത്തിയത്. ഈ രഹസ്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ആളാണ് അദദ്ദേഹം. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ മോദി പ്രധാനമന്ത്രിക്ക് കൈമാറി. ഇത് ക്രിമിനല്‍കുറ്റമാണെന്നും പ്രധാനമന്ത്രിയെ ജയിലിലടക്കേണ്ടതാണെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രിയ വിദ്യാര്‍ത്ഥികളെ, യുവാക്കളെ, നിങ്ങളുടെ 30,000 കോടി രൂപ പ്രധാനമന്ത്രി തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

RELATED STORIES

Share it
Top