Sub Lead

അമീര്‍ അലി ഹാജിസാദേ: ഇറാനിയന്‍ ഡ്രോണുകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം

അടുത്തിടെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്കെതിരേ വിവിധയിടങ്ങളില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുപിന്നിലെ ചാലക ശക്തി പുതിയ 'സുലൈമാനി' എന്ന പേരില്‍ അറിയപ്പെടുന്ന ജനറല്‍ അമീര്‍ അലി ഹാജിസാദേ ആണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.

അമീര്‍ അലി ഹാജിസാദേ: ഇറാനിയന്‍ ഡ്രോണുകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം
X

തെഹ്‌റാന്‍: അടുത്തകാലത്തായി ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥരുടെ നാവിന്‍ തുമ്പില്‍ നിരന്തരം തത്തിക്കളിച്ച ഒരു പേരാണ് ജനറല്‍ അമീര്‍ അലി ഹാജിസാദേ. തെഹ്‌റാന്റെ അത്യാധുനിക ഡ്രോണുകള്‍ക്ക് (ആളില്ലാ വിമാനങ്ങള്‍) പിന്നിലെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാന്‍ഡര്‍ ആയ ജനറല്‍ അമീര്‍ അലി ഹാജിസാദേയാണ്.

അടുത്തിടെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്കെതിരേ വിവിധയിടങ്ങളില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുപിന്നിലെ ചാലക ശക്തി പുതിയ 'സുലൈമാനി' എന്ന പേരില്‍ അറിയപ്പെടുന്ന ജനറല്‍ അമീര്‍ അലി ഹാജിസാദേ ആണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഒമാന്‍ ഉള്‍ക്കടലിലെ മെര്‍സര്‍ സ്ട്രീറ്റ് ടാങ്കറിന് നേരെയാണ് ഏറ്റവുമൊടുവിലായി ഡ്രോണ്‍ ആക്രമണമുണ്ടായത്.

ചില ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും നിരീക്ഷകരും വിശ്വസിക്കുന്നത് ഹാജിസാദെ 'പുതിയ ഖാസിം സുലൈമാനി' ആണെന്നാണ്. ഇറാനിയന്‍ നയം രൂപപ്പെടുത്തുന്നതതില്‍ നിര്‍ണായക പങ്കുള്ള ഇദ്ദേഹം ഇറാനിലെ പരമോന്നത നേതാവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സൈനിക ജനറലാണ്.

മൊസാദിന്റെ സഹായത്തോടെ ഡ്രോണ്‍ ആക്രമണത്തിലൂടെ ബഗ്ദാദ് വിമാനത്താവളത്തില്‍ വച്ച് അമേരിക്ക വധിച്ച സുലൈമാനിയുടെ പദവിയിലെത്താന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സ്വദേശത്തും വിദേശത്തും ഹാജിസാദെയുടെ സ്വാധീനം വര്‍ധിക്കുകയാണ്.

ഇറാനും സഖ്യകക്ഷികളും മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങളില്‍ ഡ്രോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍, ഹാജിസാദേ ഇറാന്റെ ശത്രുക്കള്‍ക്ക് കൂടുതല്‍ അപകടകാരിയായ ശത്രുവായി മാറുകയാണ്.

മിസൈല്‍ യൂനിറ്റില്‍ ചേര്‍ന്ന സ്‌നൈപ്പര്‍

ഹാജിസാദേ 1962ല്‍ തെഹ്‌റാനിലാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കാരാജില്‍ നിന്നുള്ളവരാണ്.1980ല്‍ ഇറാന്‍-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റവല്യൂഷണറി ഗാര്‍ഡിലെ പല മുന്‍നിര കമാന്‍ഡര്‍മാരെയും പോലെ, അദ്ദേഹം പുതിയ 'സ്‌പെഷ്യല്‍ യൂണിറ്റില്‍' ചേരുകയായിരുന്നു.കഠിനമായ എട്ടുവര്‍ഷത്തെ സംഘര്‍ഷത്തിനിടെ അദ്ദേഹം പല മുന്നണികളുടെയും ഭാഗമാവുകയും തുടര്‍ന്ന് ഒരു സ്‌നൈപ്പറായി മാറുകയും വിന്യസിക്കപ്പെടുകയായിരുന്നു.

ഷാര്‍പ് ഷൂട്ടറായി പരിശീലനം സിദ്ധിക്കുകയും പോരാട്ട രംഗത്തിറങ്ങുകയും ചെയ്‌തെങ്കിലും ഹാജിസാദെ റെവല്യൂഷണറി ഗാര്‍ഡിന്റെ പീരങ്കി വിഭാഗവുമായി അഫിലിയേറ്റ് ചെയ്യുകയും ഇറാന്റെ മിസൈല്‍ പ്രോഗ്രാമിന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജനറല്‍ ഹസ്സന്‍ തെഹ്‌റാനി മൊഗദ്ദാമുമായി അടുക്കുകയും ചെയ്തു.

'ലിബിയയില്‍ നിന്ന് ഇറാന്‍ സ്വീകരിച്ച സ്‌കഡ് ബി മിസൈലുകള്‍ വിക്ഷേപിക്കുന്നതിനുള്ള പരിശീലനത്തിനായി 1984ല്‍ മൊഗദ്ദാമും മറ്റ് 12 പേരും സിറിയയില്‍ മൂന്നു മാസത്തെ പരിശീലനത്തിന് പോയിരുന്നു. ഇക്കാലയളവിലാണ് ആദ്യ മിസൈല്‍ യൂണിറ്റ് സംഘടിപ്പിക്കണമെന്ന് ഹാജിസാദേ ഉന്നത കമാന്‍ഡര്‍മാരോട് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് 'ഹദീദ്' എന്ന് പേരിട്ട മിസൈല്‍ യൂണിറ്റിന് തുടക്കംകുറിക്കുകയും ചെയ്തു. അന്നുമുതല്‍, ഇറാന്റെ മിസൈല്‍ പ്രോഗ്രാമിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ഹാജിസാദേ, കൂടാതെ 1985 ല്‍ രൂപീകരിച്ച റെവല്യൂഷണറി ഗാര്‍ഡ് വ്യോമസേനയില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

2003ലാണ് ഇദ്ദേഹം റവല്യൂഷണറി ഗാര്‍ഡിന്റെ എയര്‍ ഡിഫന്‍സിന്റെ ചീഫ് കമാന്‍ഡറായി നിയമിതനാകുന്നത്. സ്ഥാനം ഏറ്റെടുത്തതിനു ശേഷം അദ്ദേഹംവ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങളുടെ ഉത്പാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇറാനിയന്‍ ഡ്രോണുകളുടെ വളര്‍ച്ച

ഇന്ന് ഇറാന് വിവിധ വലുപ്പത്തിലും ശേഷിയിലുമുള്ള ഡ്രോണുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. 1984ലാണ്, റവല്യൂഷണറി ഗാര്‍ഡ് അതിന്റെ ആദ്യത്തെ ആളില്ലാ ഏരിയല്‍ വെഹിക്കിള്‍ (UAV) യൂണിറ്റ് രൂപീകരിച്ചത്. ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് സുപ്രധാന രഹസ്യാന്വേഷണ ദൗത്യങ്ങള്‍ നടത്താന്‍ റാഡ് (തണ്ടര്‍) എന്ന് പേരിട്ട യൂണിറ്റിന് കഴിഞ്ഞു. 1985ല്‍ ഗാര്‍ഡിന്റെ വ്യോമസേന രൂപീകരിച്ചപ്പോള്‍, റാഡും ഹദീദ് മിസൈല്‍ യൂണിറ്റും അതിന്റെ നിയന്ത്രണത്തിലായി. ഇപ്പോള്‍, ആ യൂണിറ്റുകള്‍ ഹാജിസാദേയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ ഭാഗമാണ്.

കഴിഞ്ഞ ദശകത്തില്‍, ഹാജിസാദെയുടെ നേതൃത്വത്തില്‍, ഇറാന്റെ ഡ്രോണ്‍ യൂണിറ്റ് 7,000 കിലോമീറ്റര്‍ പരിധി വരെയുള്ള വിവിധ UAV- കളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.

ഇറാന്റെ ഡ്രോണുകള്‍ അവരുടെ സൈന്യത്തിന് മാത്രമുള്ളതല്ല. ഇറാഖിലെയും യെമനിലെയും ഇറാന്റെ നിഴല്‍യുദ്ധങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അറേബ്യന്‍ ഉപദ്വീപിന് ചുറ്റുമുള്ള സൗദി എണ്ണ, വിമാനത്താവളങ്ങള്‍, യുഎസ് സൈനികര്‍, വിവിധ തരത്തിലുള്ള കപ്പലുകള്‍ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളില്‍ ഈ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it