Sub Lead

പെണ്‍കുട്ടിയുടെ മുഖത്തടിച്ച സംഭവം: ലീഗ് നേതൃത്വവുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ പോലിസ് നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി

പെണ്‍കുട്ടിയുടെ മുഖത്തടിച്ച സംഭവം:  ലീഗ് നേതൃത്വവുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ പോലിസ് നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി
X

മലപ്പുറം: പാണമ്പ്രയില്‍ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസിനെതിരെ പെണ്‍കുട്ടികള്‍. മുസ്‌ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാല്‍ പോലിസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി അസ്‌ന പറഞ്ഞു. പരാതി പിന്‍വലിപ്പിക്കാന്‍ പല രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായി. താന്‍ പറഞ്ഞത് പൂര്‍ണമായും മൊഴിയായി രേഖപ്പെടുത്താന്‍ പോലും പോലിസ് തയ്യാറായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.

അഞ്ചോ ആറോ തവണ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതി അവിടെനിന്നും വേഗത്തില്‍ കടന്നു കളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്നും അസ്‌ന പറഞ്ഞു. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്ന് പിന്നീടാണ് അറിഞ്ഞത്. പോലിസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് ഇയാള്‍ ലീഗ് ബന്ധമുള്ളയാളാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീര്‍പ്പിന് ആദ്യം ശ്രമിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചേര്‍ത്തത്. പോലിസില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും 'നിങ്ങള്‍ നോക്കി ഓടിക്കണ്ടേ' എന്നാണ് പരാതി നല്‍കാനെത്തിയപ്പോള്‍ പോലിസ് പറഞ്ഞതെന്നും പെണ്‍കുട്ടി ആരോപിച്ചു. വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേര്‍ത്തത്. നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഒത്തുതീര്‍പ്പിനാണ് ശ്രമം നടക്കുന്നതെന്നും അസ്‌ന പറഞ്ഞു.

Next Story

RELATED STORIES

Share it