Sub Lead

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; പുറത്തേക്ക് ഒഴുകുന്നത് സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ ജലം

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; പുറത്തേക്ക് ഒഴുകുന്നത് സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ ജലം
X

ഇടുക്കി: ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. വെള്ളം പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ചെറുതോണി ടൗണിലാണ് വെള്ളം ആദ്യമെത്തുക. 2018ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇടുക്കി പദ്ധതിയില്‍പ്പെട്ട ചെറുതോണി ഡാം തുറന്നത്. റെഡ് അലര്‍ട്ട് പരിധി കടന്നതിനെത്തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. 10:55 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ കൃത്യം 11 മണിക്ക് ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി.

ആദ്യം മൂന്നാം നമ്പര്‍ ഷട്ടറും മിനിറ്റുകള്‍ക്കുശേഷം നാലാമത്തെ ഷട്ടറും തുറന്നു. പിന്നീട് ചെറുതോണിയിലെ ജലനിരപ്പിന്റെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം രണ്ടാം നമ്പര്‍ ഷട്ടറും തുറന്നു. രണ്ട് ഷട്ടറുകള്‍ തുറന്നപ്പോള്‍തന്നെ വെള്ളം ചെറുതോണി പുഴയില്‍ ഒഴുകിയെത്തിത്തുടങ്ങി. പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിലുണ്ടാവുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചുകടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മൂന്ന് ഷട്ടറുകളും തുറന്ന് സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അതേസമയം, മന്ത്രിതല സംഘം ചെറുതോണി ടൗണിലും പാലത്തിലും സന്ദര്‍ശനം നടത്തി. ചെറുതോണിയിലെ കടകള്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഒഴിഞ്ഞുപോവണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും.

മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നും മന്ത്രി പറഞ്ഞു. 2,403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ റെഡ് അലര്‍ട്ട് കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണമെന്നാണ്. അണക്കെട്ടിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ അളവില്‍ വെള്ളം ഒഴുക്കിവിടാനാണു തീരുമാനം.

ഇടുക്കി പദ്ധതി കമ്മീഷന്‍ ചെയ്തതിനുശേഷം ഇതുവരെ ആറുതവണ അണക്കെട്ട് തുറന്നിട്ടുണ്ട്. 1981 ഒക്ടോബര്‍ 29നും 1992 ഒക്ടോബര്‍ 12നും അഞ്ച് ഷട്ടറുകളും തുറന്നു. ഇതേ വര്‍ഷങ്ങളില്‍ മഴ ശക്തമായതോടെ നവംബറില്‍ വീണ്ടും അണക്കെട്ട് തുറന്നു. 2018 ആഗസ്ത് ഒമ്പത്, ഒക്ടോബര്‍ ആറ് എന്നീ ദിവസങ്ങളിലും തുറന്നു. 2018ല്‍ ആഗസ്ത് ഒമ്പതിന് ഉച്ചയ്ക്ക് 12നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ 25 സെന്റീമീറ്ററാണ് ആദ്യം ഉയര്‍ത്തിയത്. പിന്നീട് 15 ഓടെ അഞ്ചുഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് 2391 അടിയിലും താഴെ എത്തിയതോടെ സപ്തംബര്‍ ഏഴിന് ഉച്ചയോടെയാണ് 29 ദിവസത്തിനുശേഷം ഷട്ടറുകള്‍ പൂര്‍ണമായും അടച്ചത്.


Next Story

RELATED STORIES

Share it