Sub Lead

മോദിയെയും യോഗിയെയും വിമര്‍ശിച്ചു; ഉവൈസിക്കെതിരേ കേസെടുത്ത് യുപി പോലിസ്

മോദിയെയും യോഗിയെയും വിമര്‍ശിച്ചു; ഉവൈസിക്കെതിരേ കേസെടുത്ത് യുപി പോലിസ്
X

ലഖ്‌നോ: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരേ കേസെടുത്ത് യുപി പോലിസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് സാമുദായിക സൗഹാര്‍ദം നശിപ്പിച്ചെന്ന പേരില്‍ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് യോഗം നടത്തി, സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ച് തുടങ്ങിയവ അടക്കമുള്ള കുറ്റങ്ങള്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടുണ്ട്.

ബാരാബങ്കി സിറ്റി പോലിസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി എഐഎംഐഎം റാലിക്കുശേഷം വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബാരാബങ്കി എസ്പി യമുന പ്രസാദ് വ്യക്തമാക്കി. വ്യാഴാഴ്ച കത്ര ചന്ദനയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വന്‍ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ട് ഹൈദരാബാദ് എംപി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും പോലിസ് പറഞ്ഞു. ഹൈദരാബാദ് എംപിയുടെ അനുയായികള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കാതിരിക്കുകയും ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് പോലിസ് ആരോപിക്കുന്നു. തന്റെ പ്രസംഗത്തില്‍ ഉവൈസി സാമുദായിക ഐക്യത്തിന് ഹാനികരമായ പ്രസ്താവനകള്‍ നടത്തി.

ഭരണകൂടം 100 വര്‍ഷം പഴക്കമുള്ള റാം സ്‌നേഹി ഘട്ട് മസ്ജിദ് പൊളിച്ചുമാറ്റിയെന്നും വിശ്വാസത്തിന് വിരുദ്ധമായി അവശിഷ്ടങ്ങള്‍ കൈവശപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഈ പ്രസ്താവനയിലൂടെ സമുദായ സൗഹാര്‍ദം തകര്‍ക്കാനും ഒരു പ്രത്യേക സമുദായത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കാനും ഉവൈസി ശ്രമിച്ചു- യമുന പ്രസാദ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉവൈസി ഉത്തര്‍പ്രദേശിലെത്തിയത്. കഴിഞ്ഞ ദിവസം യുപിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്ന ഉവൈസി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ഏഴ് വര്‍ഷം മുമ്പ് മോദി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ 'ഹിന്ദു രാഷ്ട്രമായി' മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുപിയില്‍ മുസ്‌ലിംകള്‍ 19 ശതമാനമാണ്.

അതേസമയം, യാദവ് സമുദായ നേതാവാണ് മുഖ്യമന്ത്രിയാവുന്നത്. അവര്‍ ജനസംഖ്യയുടെ 9 ശതമാനം മാത്രമാണ്. മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുന്നു. യുപിയിലെ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. വൈദ്യുതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ അവര്‍ക്ക് ഒരു വിഹിതം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു- റാലിയില്‍ ഒവൈസി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുസ്‌ലിംകളോട് താല്‍പര്യം കാണിക്കുകയുള്ളൂ. ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു പാര്‍ട്ടിക്കും താല്‍പര്യമില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.

മുത്തലാഖിനെതിരായ നിയമത്തെ പരാമര്‍ശിച്ചുകൊണ്ട്, ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ മാറ്റാന്‍ പ്രധാനമന്ത്രി മോദി ഇടപെടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ അനീതികളെക്കുറിച്ച് ബിജെപി നേതാക്കള്‍ സംസാരിക്കുന്നു. പക്ഷേ, വിവാഹമോചനത്തിന് വിധേയരായ ഹിന്ദു സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. 'എന്റെ സഹോദരി (പ്രധാനമന്ത്രി മോദിയുടെ ഭാര്യ) ഗുജറാത്തില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പക്ഷേ, അവരുടെ ദുരവസ്ഥ മാറ്റാന്‍ ആരുമില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ മുതല്‍ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് ഉവൈസിയുടെ പാര്‍ട്ടി നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it