Sub Lead

'അവരെന്ത് വിധിച്ചാലും അല്ലാഹു നമുക്ക് വിധിച്ചതല്ലാതെ ഒന്നും നടക്കില്ല'; പ്രതികരണവുമായി ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് അബ്ദുല്‍ കരിം

അവരെന്ത് വിധിച്ചാലും അല്ലാഹു നമുക്ക് വിധിച്ചതല്ലാതെ ഒന്നും നടക്കില്ല; പ്രതികരണവുമായി ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് അബ്ദുല്‍ കരിം
X

കോട്ടയം: അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ശാദുലിയടക്കം 38 പേരെ വധശിക്ഷയ്ക്കും 11 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ച് സമാനതകളില്ലാത്ത വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കേസിന്റെ പേരില്‍ ഒരുപതിറ്റാണ്ടിലധികമായി ഭരണകൂടത്തിന്റെയും പോലിസിന്റെയും എന്‍ഐഎയുടെയും നിരന്തരമായ വേട്ടയാടലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു ഷിബിലിയുടെയും ശാദുലിയുടെയും പിതാവ് അബ്ദുല്‍ കരീമും കുടുംബവും. 'അവരെന്ത് വിധിച്ചാലും അല്ലാഹു നമുക്ക് വിധിച്ചതല്ലാതെ ഒന്നും നടക്കില്ല' എന്നായിരുന്നു കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പിതാവ് പി എസ് അബ്ദുല്‍ കരീമിന്റെ നിലപാട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്- 'അവരെന്ത് വിധിച്ചാലും അല്ലാഹു നമുക്ക് വിധിച്ചതല്ലാതെ ഒന്നും നടക്കില്ല. മരണസമയം നിശ്ചിതവുമാണ്. അത് നാം വീട്ടിനുള്ളില്‍ കട്ടിലില്‍ കിടന്നാലും ശരി. നമ്മുടെ ത്യാഗങ്ങളില്‍ ഇന്‍ശാ അല്ലാഹ് വെറുതെയാവില്ല. അവന്റെ മാര്‍ഗത്തില്‍ വയ്ക്കുന്ന ഓരോ അടിയും നേരിടുന്ന ഓരോ പ്രയാസങ്ങളും കിത്താബില്‍ രേഖപ്പെടാതെ പോവുന്നില്ല. സ്വബ്‌റോടുകൂടി, ഈമാനോടുകൂടി പടച്ചവന്റെ തൃപ്തിയോടുകൂടിയുള്ള മടക്കം നമുക്കൊക്കെ അവന്‍ നല്‍കട്ടെ'. 56 പേര്‍ മരിച്ച 2008ലെ അഹമ്മദാബാദ് സ്‌ഫോടനങ്ങളില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് മരണം വരെ തടവുമാണ് ശിക്ഷ വിധിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രത്യേക ജഡ്ജി എ ആര്‍ പട്ടേല്‍ വിധി പ്രസ്താവിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് 25,000 രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസ്സാഖിന്റെ മകനാണ് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട അന്‍സാര്‍. അന്‍സാറിന്റെ സഹോദരന്‍ സത്താറിനെ കേസില്‍ വെറുതെ വിട്ടു. 2008 മാര്‍ച്ചിലാണ് ഇന്‍ഡോറില്‍ സിമി ബന്ധമാരോപിച്ച് ഷിബിലിയും ശാദുലിയും അന്‍സാര്‍ നദ്‌വിയും അറസ്റ്റിലായത്. ഇവര്‍ ജയിലിലായിരിക്കെ മാസങ്ങള്‍ക്കുശേഷം നടന്ന ഗുജറാത്ത് സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരെയും പ്രതിചേര്‍ക്കപ്പെട്ടു. കുറ്റാരോപിതരുടെ പതിമൂന്നര വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവിനൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it