Sub Lead

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; അരുണാചല്‍ അതിര്‍ത്തി ലംഘിച്ച സൈനികരെ തടഞ്ഞ് ഇന്ത്യ

അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; അരുണാചല്‍ അതിര്‍ത്തി ലംഘിച്ച സൈനികരെ തടഞ്ഞ് ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ചൈന സൈനികര്‍ മുഖാമുഖം വന്നത്. ഉന്നത സൈനികര്‍ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അരുണാചല്‍പ്രദേശിലെ ബുംലാ യാങ്‌സി ചുരങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ മുഖാമുഖം വന്നത്.

അതിര്‍ത്തിലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഏകദേശം 200 ഓളം ചൈനീസ് സൈനികരാണ് യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ചിലര്‍ ഇന്ത്യയുടെ ബങ്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സൈനികര്‍ ഇത് പ്രതിരോധിച്ചു. ഏതാനും മണിക്കൂറുകള്‍ രണ്ടു സൈന്യവും മുഖാമുഖം നിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ടു. ചില ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു വച്ചു. പ്രാദേശിക കമാന്‍ഡര്‍മാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചു.

ചൈനീസ് സേന എത്രത്തോളം പിന്‍മാറി എന്ന് വ്യക്തമല്ല. ഇന്ത്യ ചൈന നിയന്ത്രണരേഖ വ്യക്തമായി തീരുമാനിക്കാത്ത സാഹചര്യത്തിലാണ് ഈ സ്ഥിതി ആവര്‍ത്തിക്കുന്നത് എന്ന് വിശദീകരിച്ച് വിഷയം തണുപ്പിക്കാനാണ് ഇന്ത്യയും ശ്രമിക്കുന്നത്. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുമ്പോഴാണ് അരുണാചല്‍ പ്രദേശിലെ ഈ സംഭവം പുറത്തു വരുന്നത്. രണ്ടായിരത്തി പതിനേഴില്‍ ദോക്ലാമിലെ ചൈനീസ് കടന്നുകയറ്റത്തിനു ശേഷമുള്ള സംഘര്‍ഷ സ്ഥിതി രണ്ടു മാസത്തിനു ശേഷമാണ് പരിഹരിച്ചത്. അഫ്ഗാനിലെ സാഹചര്യം വാഷിംഗ്ടണില്‍ നടന്ന ക്വാഡ് ഉച്ചകോടി എന്നിവയ്ക്കു ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തിലും ഉലച്ചില്‍ കാണുന്നുണ്ട്. അതിര്‍ത്തിയില്‍ കൂടുതല്‍ ടെന്റുകള്‍ കെട്ടിയും ഹെലിപാടുകള്‍ നിര്‍മ്മിച്ചും ചൈന നടത്തുന്ന പ്രകോപനം നേരിടുമെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവനെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കരസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല..

Next Story

RELATED STORIES

Share it