Sub Lead

മധ്യപ്രദേശിലും നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു; കൊവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് ഗ്രാമവാസികള്‍

മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി മൃതദേഹങ്ങള്‍ നദിയില്‍ പൊങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

മധ്യപ്രദേശിലും നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു; കൊവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് ഗ്രാമവാസികള്‍
X

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലും ബിഹാറിലും ഗംഗാ നദിയില്‍ നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മധ്യപ്രദേശില്‍നിന്നും സമാനമായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള നന്ദപുര കെന്‍ നദിയുടെ പോഷകനദിയായ റുഞ്ജ് നദിയിലൂടെ പത്തോളം മൃതദേഹങ്ങള്‍ ഒഴുകുന്നതായാണ് ഗ്രാമവാസികളെ ഉദ്ധരിച്ചുള്ള പ്രാദേശിക മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് നദിയില്‍ തള്ളിയിരിക്കുന്നതെന്ന് നന്ദപുരയിലെ ഗ്രാമവാസികള്‍ ആരോപിച്ചു.

മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി മൃതദേഹങ്ങള്‍ നദിയില്‍ പൊങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവം പുറത്തുവന്നശേഷം പരിസരവാസികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിവെള്ളത്തിനും നിത്യേനയുള്ള ആവശ്യങ്ങള്‍ക്കുമായി ഈ നദിയെയാണ് ആശ്രയിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇനിയെങ്ങനെ ഈ വെള്ളം ഉപയോഗിക്കുമെന്ന് ഇവര്‍ ചോദിക്കുന്നു.

ഞങ്ങള്‍ ഇവിടെയാണ് കുളിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തിലെ കുടിവെള്ള പൈപ്പില്‍നിന്നുള്ള വെള്ളം നില്‍ക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിനും കന്നുകാലികള്‍ക്ക് നല്‍കുന്നതിനും ഈ നദിയെയാണ് ആശ്രയിക്കുന്നത്. പക്ഷേ വെള്ളം മലിനമായതിനാല്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും. ഞങ്ങള്‍ ഗ്രാമപ്പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഒരു ഗ്രാമീണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തോട് ഇതുവരെ സര്‍ക്കാര്‍ വൃത്തങ്ങളാരും പ്രതികരിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 95 വയസുകാരനും കാന്‍സര്‍ രോഗിയുമടക്കം രണ്ട് രോഗികളുടെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ നദിയില്‍ തള്ളിയിരുന്നതായി പന്ന കലക്ടര്‍ സഞ്ജയ് മിശ്ര പറഞ്ഞു. ഈ മൃതദേഹങ്ങള്‍ പിന്നീട് നദിയില്‍നിന്നെടുത്ത് ശരിയായ രീതിയില്‍ കുഴിച്ചിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തേ, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഗംഗാ നദിയില്‍ നൂറോളം മൃതദേഹങ്ങളാണ് നദിയില്‍ കണ്ടെത്തിയിരുന്നത്.

Next Story

RELATED STORIES

Share it