അദാനിയുടെ വിവാദ ഖനന പദ്ധതിക്ക് ആസ്‌ത്രേലിയയുടെ അംഗീകാരം

ക്വീന്‍സ്‌ലന്റിലെ ഗലീലി ബേസിലുള്ള പദ്ധതി പരിസ്ഥിതി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

അദാനിയുടെ വിവാദ ഖനന പദ്ധതിക്ക് ആസ്‌ത്രേലിയയുടെ അംഗീകാരം

ക്വീന്‍സ്‌ലന്റ്: പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുമെന്ന് ആരോപിക്കപ്പെടുന്ന അദാനി കമ്പനിയുടെ കല്‍ക്കരി ഖനന പദ്ധതിക്ക് ആസ്‌ത്രേലിയ അംഗീകാരം നല്‍കി. ക്വീന്‍സ്‌ലന്റിലെ ഗലീലി ബേസിലുള്ള പദ്ധതി പരിസ്ഥിതി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. നേരത്തേ ഫെഡറല്‍ അംഗീകാരം ലഭിച്ചിരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കി. ഇന്ത്യന്‍ കമ്പനിയായ അദാനിയുടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ പ്രദേശത്ത് മറ്റ് ആറ് ഖനന പദ്ധതികള്‍ക്കു കൂടി വഴിതുറക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു.

ഖനന പ്രദേശത്തെ നിര്‍മാണം ദിവസങ്ങള്‍ക്കകം ആരംഭിക്കും. എന്നാല്‍, ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിന് ഭൂമിക്കടിയില്‍ നിന്ന് കല്‍ക്കരി എടുക്കുന്നതിന് കൂടുതല്‍ അനുമതികള്‍ ആവശ്യമാണ്.

കാര്‍മിഷേല്‍ എന്ന പേരിലുള്ള ഖനന പദ്ധതി ഏതാണ്ട് 10 വര്‍ഷം മുമ്പാണ് ആദ്യമായി നിര്‍ദേശിക്കപ്പെട്ടത്. 10,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാവുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖനന പദ്ധതിയാവുമിതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍, വന്‍തോതില്‍ വെട്ടിച്ചുരുക്കിയാണ് ഇപ്പോള്‍ പദ്ധതി തുടങ്ങുന്നത്. പുതിയ ഘടന പ്രകാരം 1,500 പേര്‍ക്ക് നേരിട്ടും 6,750 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു.

അനുകൂലമായും പ്രതികൂലമായുമുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ വന്‍രാഷ്ട്രീയ വിവാദത്തിന് അദാനിയുടെ ഖനന പദ്ധതി വഴിവച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചാ വിഷമായ പദ്ധതിയാണിത്. ഖനിയെ പിന്തുണക്കുന്ന പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലെത്തിയതോടെ അംഗീകാരം എളുപ്പമാവുകയായിരുന്നു.

അദാനിയുടെ കമ്പനിക്ക് അനുമതി ലഭിക്കുന്നതോടെ 400 കിലോമീറ്റര്‍ പ്രദേശത്ത് ആറ് ഖനികള്‍ കൂടി വരുമെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. തരിശ് പ്രദേശത്താണ് കാര്‍മിഷേല്‍ ഖനന പ്രദേശമെങ്കിലും തൊട്ടടുത്ത് കിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പവിഴപ്പാറയാണ് ഗ്രേറ്റ് ബാരിയര്‍ റീഫിലേത്.

RELATED STORIES

Share it
Top