Sub Lead

നടന്‍ വിജയ് സൈക്കിളിലെത്തിയത് പ്രതിഷേധ സൂചകമോ? പബ്ലിസിറ്റി വിഭാഗം പറയുന്നത് ഇങ്ങനെ

ഇന്ധനത്തിന്റെ അടിക്കടിയുള്ള വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

നടന്‍ വിജയ് സൈക്കിളിലെത്തിയത് പ്രതിഷേധ സൂചകമോ? പബ്ലിസിറ്റി വിഭാഗം പറയുന്നത് ഇങ്ങനെ
X

ചെന്നൈ: കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളെ ഇളക്കി മറിച്ചത് സൈക്കിളില്‍ പോളിങ് ബൂത്തിലേക്കുള്ള തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ മാസ് എന്‍ട്രിയായിരുന്നു. ഇന്ധനത്തിന്റെ അടിക്കടിയുള്ള വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

എന്നാല്‍, പ്രതിഷേധത്തിന്റെ ഭാഗമായല്ല വിജയ്‌യുടെ സൈക്കിള്‍ യാത്രയെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പബ്ലിസിറ്റി വിഭാഗം തന്നെ വ്യക്തമാക്കുന്നത്.

വിജയ്‌യുടെ വീടിന് പിറകിലുളള തെരുവിനോട് ചേര്‍ന്നാണ് പോളിങ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമാണ്. അദ്ദേഹത്തിന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാവും എന്നതിനാലാണ് ബൂത്തിലേക്ക് സൈക്കിളില്‍ പോയത് എന്നും അല്ലാതെ സൈക്കിള്‍ യാത്രയ്ക്ക് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നീലങ്കരയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. ബൈക്കിലടക്കം ആരാധകര്‍ ബൂത്തിലേക്ക് താരത്തെ അനുഗമിച്ചു. വോട്ട് ചെയ്തതിന് ശേഷം ഓഫീസ് ജീവനക്കാരന്റെ ബൈക്കില്‍ ആണ് വിജയ് തിരിച്ച് പോയത്. അതിനിടെ താരത്തിന്റെ സൈക്കിള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മേഴ്‌സല്‍ അടക്കം ചില ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ്‌ക്കെതിരെ ബിജെപി പ്രതിഷേധം ഉയര്‍ത്തുകയും പിന്നാലെ വിജയുടെ വീട്ടില്‍ അടക്കം ആദായനികുതി വകുപ്പിന്റെ പരിശോധനയും നടത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it