Big stories

ചെങ്കോട്ടയിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദീപ് സിദ്ദു ആരാണ്?

ട്രാക്റ്റര്‍ റാലിയുടെ ഭാഗമായിരുന്ന കര്‍ഷകരെ ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് നയിച്ചത് ദീപ് സിദ്ദുവാണെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്.

ചെങ്കോട്ടയിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദീപ് സിദ്ദു ആരാണ്?
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ട്രാക്റ്റര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും കൂട്ടാളികളുമാണെന്ന് ആരോപണം.

ട്രാക്റ്റര്‍ റാലിയുടെ ഭാഗമായിരുന്ന കര്‍ഷകരെ ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് നയിച്ചത് ദീപ് സിദ്ദുവാണെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അക്രമസമരത്തെ തള്ളിപ്പറയുന്നതായും നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍, സിഖ് പതാകയാണ് തങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയതെന്നും പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു കര്‍ഷക നേതാക്കളുടെ ആരോപങ്ങളെ തള്ളി ഫെയ്‌സ്ബുക്ക് ലൈവില്‍ അവകാശപ്പെട്ടു. റിപബ്ലിക് ദിനത്തിലുണ്ടായ ആക്രമ സംഭവങ്ങള്‍ കര്‍ഷക സമരത്തെ വിഷമാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. പ്രതിഷേധക്കാരുമായുണ്ടായ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ 83 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.

ദീപ് സിദ്ദുവിനെ തള്ളിപ്പറഞ്ഞ് കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന സംഘടനകളും നേതാക്കളും

അതിനിടെ, കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനകളും നേതാക്കളും ദീപ് സിദ്ദുവിനെ തള്ളി മുന്നോട്ട് വന്നിട്ടുണ്ട്. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ച് വിട്ടത് ദീപ് സിദ്ദുവാണെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

ദീപ് സിദ്ധു പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്‌തെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) ഹരിയാന അധ്യക്ഷന്‍ ഗുര്‍നം സിങ് ചാധുനി ആരോപിച്ചു.

ആരാണ് ദീപ് സിദ്ദു?

നടനും മോഡലുമായ ദീപ് സിദ്ദു 1984ല്‍ പഞ്ചാബിലെ മുക്തര്‍ ജില്ലയില്‍ ജനിച്ച ദീപ് സിദ്ധു നിയമമാണ് പഠിച്ചത്. കിങ് ഫിഷര്‍ മോഡല്‍ ഹണ്ട് പുരസ്‌കാരം നേടുന്നത് വരെ ഇദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. 2015ല്‍ ദീപ് സിദ്ധുവിന്റെ ആദ്യ പഞ്ചാബി ചിത്രം രാംത ജോഗി തീയേറ്ററുകളിലെത്തി. എന്നിരുന്നാലും 2018ലാണ് ജോറദാസ് നംബ്രിയ എന്ന സിനിയമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതില്‍ ഒരു ഗുണ്ടാസംഘത്തിന്റെ തലവനായിട്ടാണ് ഇദ്ദേഹം വേഷമിട്ടത്.


201ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരില്‍ പ്രധാനികളിലൊരാള്‍ ദീപ് സിദ്ദുവായിരുന്നു.

ചെങ്കോട്ടയിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സണ്ണി ഡിയോളും ദീപ് സിദ്ദുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തനിക്കോ തന്റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി അടുത്ത ബന്ധമില്ലെന്ന് വിശദീകരിച്ച് സണ്ണി ഡിയോളും രംഗത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.

കര്‍ഷക സമരത്തില്‍ ദീപ് സിദ്ധു പങ്കാളിയായതെങ്കിനെ?

കര്‍ഷക പ്രതിഷേധങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ സെപ്തംബറിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ദു ഡല്‍ഹിഹരിയാന അതിര്‍ത്തിയിലെ ശംഭുവിലെത്തിയത്. പിന്നീട് സമരത്തിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് സംവദിച്ചു. അതേസമയം ദീപ് സിദ്ദുവിന്റെ ഇടപെടലുകളെ എതിര്‍ത്ത് ചില കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. ദീപ് സിദ്ദുവിന് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം അവരുടെ ഏജന്റാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും സണ്ണി ഡിയോളിനുമൊപ്പവും നില്‍ക്കുന്ന ചിത്രവും അവര്‍ പുറത്തുവിട്ടു. എന്നാല്‍ ആ ആരോപണവും ദീപ് സിദ്ദു നിഷേധിച്ചു.

ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടിരിക്കുന്നത്.

തുടക്കം മുതല്‍ തന്നെ അദ്ദേഹത്തെ (ദീപ് സിദ്ധു) തങ്ങള്‍ എതിര്‍ത്തിരുന്നതായി കര്‍ഷക പ്രക്ഷോഭവുമായി അടുത്ത ബന്ധമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു.

Next Story

RELATED STORIES

Share it