Sub Lead

അബ്ദുല്ലക്കുട്ടിക്ക് ലീഗ് നേതാവിന്റെ വീട്ടില്‍ ഇഫ്താര്‍ വിരുന്ന്; ജില്ലാ സെക്രട്ടറിയും കെഎംസിസി നേതാക്കളും പങ്കെടുത്തു

മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി താഹിര്‍, ഓള്‍ ഇന്ത്യാ കെഎംസിസി ദേശീയ പ്രസിഡന്റ് നൗഷാദ്, ലീഗ് നേതാവ് സികെകെ മാണിയൂര്‍ തുടങ്ങിയവര്‍ വിരുന്നിനെത്തിയിരുന്നു.

അബ്ദുല്ലക്കുട്ടിക്ക് ലീഗ് നേതാവിന്റെ വീട്ടില്‍ ഇഫ്താര്‍ വിരുന്ന്; ജില്ലാ സെക്രട്ടറിയും കെഎംസിസി നേതാക്കളും പങ്കെടുത്തു
X

കണ്ണൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂരിലെ ലീഗ് നേതാവിന്റെ വീട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത് വിവാദമാവുന്നു. മുസ് ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കളും വിരുന്നില്‍ പങ്കെടുത്തത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അബ്ദുല്ലക്കുട്ടിക്ക് ലീഗ് നേതാവ് അസീസ് മാണിയൂരിന്റെ കാഞ്ഞിരോട് മാണിയൂരിലെ തറവാട് വീട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി താഹിര്‍, ഓള്‍ ഇന്ത്യാ കെഎംസിസി ദേശീയ പ്രസിഡന്റ് നൗഷാദ്, ലീഗ് നേതാവ് സികെകെ മാണിയൂര്‍ തുടങ്ങിയവര്‍ വിരുന്നിനെത്തിയിരുന്നു.


ബിജെപി നേതാവായ ശേഷവും കണ്ണൂര്‍ ജില്ലയിലെ മുസ് ലിം ലീഗിലെ ഒരു വിഭാഗം അബ്ദുല്ലക്കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരുപടി കൂടി കടന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായ ശേഷം ലീഗ് നേതാക്കള്‍ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കുകയും അത് ലീഗ് നേതാവ് തന്നെ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തത് അണികളെ അമ്പരപ്പിച്ചിട്ടുണ്ട്. മുസ് ലിം ലീഗ് മാണിയൂര്‍ ശാഖാ കമ്മിറ്റിയുടെ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത ശേഷമാണ് അസീസ് മാണിയൂരിന്റെ തറവാട്ട് വീട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ പൗരാവലി എന്ന പേരില്‍ ബിജെപി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ മുസ് ലിം യൂത്ത് ലീഗ് നേതാവും ലീഗിന്റെ നാറാത്ത് പഞ്ചായത്ത് മെംബറുമായ സൈഫുദ്ദീന്‍ നാറാത്ത് പങ്കെടുത്തത് വിവാദമായിരുന്നു. സ്വീകരണത്തില്‍ പങ്കെടുത്ത വീഡിയോ പുറത്തുവന്നതോടെ വിവാദമായപ്പോള്‍, വാര്‍ഡിലെ അങ്കണവാടിക്കു വേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു നിവേദനം നല്‍കാന്‍ വേണ്ടിയാണ് അബ്ദുല്ലക്കുട്ടിയെ സന്ദര്‍ശിച്ചത് എന്നായിരുന്നു വിശദീകരണം. സംഭവത്തില്‍ ലീഗ് പ്രാദേശിക നേതൃത്വം വിശദീകരണം തേടിയിരുന്നു. ജില്ലാ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ അബ്ദുല്ലക്കുട്ടിയുമായി ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തേ പള്ളി കമ്മിറ്റിയുടെ ഫണ്ട് തിരിമറി നടത്തിയതിനു കെ പി താഹിറിനെതിരേ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ബിജെപി ഭരണകൂടെ മുസ് ലിം ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുല്ലക്കുട്ടിയുമായി ലീഗ് നേതാക്കളില്‍ ഒരു വിഭാഗം അടുപ്പമുണ്ടാക്കുന്നത് അണികളിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Abdullakutty hosts Iftar dinner at league leader's house; District Secretary and KMCC leaders were present



Next Story

RELATED STORIES

Share it